കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ സമഗ്രമായ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, തൊഴിൽ പുരോഗതിക്കും ക്ഷേമത്തിനും സംരക്ഷണത്തിനും ശാക്തീകരണത്തിനുമാണ് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ രൂപീകരിച്ചുകൊണ്ട് 2013 മേയ് 15ന് അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ 46 ശതമാനം വരുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ (മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്സി, സിഖ്) സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതി ലക്ഷ്യമാക്കി രൂപീകൃതമായ കമ്മിഷൻ പ്രവർത്തന പാതയിൽ പത്താണ്ടുകൾ പിന്നിടുന്നു.
ന്യൂനപക്ഷങ്ങളുടെ വികസന പുരോഗതി വിലയിരുത്തുക, സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും ഭാഷാപരവുമായുള്ള അവകാശങ്ങളും സംരക്ഷണ വ്യവസ്ഥകളും ആനുകൂല്യങ്ങളും നഷ്ടപ്പെടുന്നത് സംബന്ധിച്ചുള്ള പ്രത്യേക പരാതികളിന്മേൽ അന്വേഷണം നടത്തുകയും തെളിവെടുപ്പ് നടത്തുകയും പരിഹാര നടപടികൾ നിർദേശിക്കുകയും ചെയ്യുക തുടങ്ങി ന്യൂനപക്ഷങ്ങളെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന ഒട്ടുമിക്ക വിഷയങ്ങളിലും കമ്മിഷന് നേരിട്ടിടപെട്ട് പരിഹാരം നിർദേശിക്കാവുന്നതാണ്. ഒരു വ്യവഹാരം വിചാരണ ചെയ്യുന്ന സിവിൽ കോടതിക്കുള്ള എല്ലാ അധികാരങ്ങളും കമ്മിഷന് അതിന്റെ ചുമതലകൾ നിർവഹിക്കുമ്പോൾ വിനിയോഗിക്കാവുന്നതാണ്. സംസ്ഥാനത്തിന്റെ ഏത് ഭാഗത്തുനിന്നും ഏതൊരാളെയും വിളിച്ചുവരുത്തുവാനും അന്വേഷണ വിഷയവുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുക്കുവാനും അധികാരമുണ്ട്. സർക്കാർ തലത്തിൽ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് അവകാശപ്പെട്ട സ്കോളർഷിപ്പുകളുടെ വിതരണം, സംവരണം ഇവയെല്ലാം കമ്മിഷൻ ജാഗ്രതയോടെ നിരീക്ഷണവിധേയമാക്കാറുണ്ട്.
ന്യൂനപക്ഷ അവകാശങ്ങളെന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മനുഷ്യാവകാശങ്ങളുടെ ഒരു സുപ്രധാന ഘടകമാണ്. ഒട്ടനവധി വിവേചനങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും വിധേയരാകപ്പെട്ട ചരിത്രപശ്ചാത്തലം പേറുന്നവരാണ് ന്യൂനപക്ഷ ജനവിഭാഗങ്ങൾ. ന്യൂനപക്ഷ സംരക്ഷണത്തിനായി നാമിന്നു കാണുന്ന നിയമ സംവിധാനങ്ങളാകെതന്നെ അതിന്റെ അനന്തരഫലമായി രൂപം കൊണ്ടിട്ടുള്ളതുമാണ്. കേരളത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പും, ന്യൂനപക്ഷ ഡയറക്ടറേറ്റും, സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 1992ലെ നാഷണൽ കമ്മിഷൻ ഫോർ മൈനോറിറ്റീസ് ആക്ട് പ്രകാരം മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതങ്ങളാണ് ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇവയിൽ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളാണ് കേരളത്തിൽ കൂടുതലായുള്ളത്.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ന്യൂനപക്ഷ വിഭാഗം മികച്ച ജീവിത നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ടെങ്കിലും ചില മേഖലകളിൽ ഇപ്പോഴും പിന്നാക്കാവസ്ഥ നിലനിൽക്കുന്നുണ്ട്. അവര്‍ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച സമഗ്രമായ പഠനത്തിലും അവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള അശ്രാന്ത പരിശ്രമത്തിലാണ് സംസ്ഥാന കമ്മിഷൻ. രൂപീകൃതമായി ഒരു ദശകം പിന്നിടുമ്പോഴും ബാലാരിഷ്ടതകൾ പിന്തുടരുന്ന കമ്മിഷന്റെ പ്രവർത്തനങ്ങൾക്ക് പുത്തനുണർവ് നൽകുക എന്നതാണ് 2023 ഓഗസ്റ്റിൽ ചുമതലയേറ്റ നാലാമത് കമ്മിഷന്റെ ലക്ഷ്യം.
സമൂഹത്തിലെ ദുർബലരായ ന്യൂനപക്ഷ ജനവിഭാഗങ്ങളെ അവരുടെ അവകാശങ്ങളെ സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനും മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിനും കമ്മിഷൻ പ്രവർത്തനങ്ങളാകെ ജനകീയവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന‑ജില്ലാ കേന്ദ്രങ്ങളിൽ പ്രത്യേകം സെമിനാറുകൾ കമ്മിഷൻ സംഘടിപ്പിച്ചു വരികയാണ്. സിവിൽ കോടതിയുടെ അധികാരാവകാശങ്ങൾ നിക്ഷിപ്തമായ കമ്മിഷനിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് യാതൊരു ചെലവും കൂടാതെ ഹർജികൾ സമർപ്പിക്കുവാനും അതിലൂടെ നീതിലഭിക്കാനും കഴിയുമെന്നത് അധികം പേർക്കും ഇന്നും അജ്ഞമാണ്. ഇതുസംബന്ധിച്ച അറിവ് പകർന്നുനൽകുക എന്നതും സെമിനാർ ലക്ഷ്യമിടുന്നു.
ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒരു ലക്ഷം യുവതീ-യുവാക്കൾക്ക് കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് 2024 ഡിസംബറിനുള്ളിൽ തന്നെ തൊഴിൽ ലഭ്യമാക്കുവാനുള്ള പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നു. കമ്മിഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവജനങ്ങൾക്കായി നൽകിവരുന്ന നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴിൽ പരിചയവും സംബന്ധിച്ച പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറിൽ നടത്തുന്നുണ്ട്.
സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന, പാഴ്സി, സിഖ് വിഭാഗങ്ങൾക്കായി കമ്മിഷൻ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ, ഈ വിഭാഗങ്ങളുടെ സംസ്ഥാന ചരിത്രത്തിലെ തന്നെ ആദ്യത്തെ കൂട്ടായ്മയായി. ബുദ്ധ, ജൈന വിഭാഗങ്ങളാണ് സംസ്ഥാനത്ത് കൂടുതലായുള്ളത്. പാഴ്സി, സിഖ് വിഭാഗങ്ങൾ നാമമാത്രവും. സംസ്ഥാനത്ത് അധിവസിക്കുന്ന സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവരശേഖരണമെന്ന പ്രാഥമിക ചുവടുവയ്പിലേക്ക് കമ്മിഷൻ കടക്കുകയാണ്. ബന്ധപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത നിലവാരം, വിദ്യാഭ്യാസ പശ്ചാത്തലം, സാമൂഹിക നിലവാരം എന്നിവ സംബന്ധിച്ച് പഠനം നടത്തി ജൂൺ മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ കേരള മീഡിയ അക്കാദമിയുമായി കമ്മിഷൻ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. തീരദേശ മേഖലയിലെ ആയിരക്കണക്കിന് മത്സ്യബന്ധന തൊഴിലാളികൾക്ക് കടലിൽ വച്ചുണ്ടാകുന്ന അപകടങ്ങളിൽ സ്വീകരിക്കേണ്ട ജീവൻ രക്ഷാമാർഗങ്ങളെയും മുൻകരുതലുകളെയും സംബന്ധിച്ച് ബോധവല്‍ക്കരിക്കുന്നതിനും പരിശീലനം നൽകുന്നതിനുമായി വിപുലമായ പരിപാടികളും കമ്മിഷൻ ലക്ഷ്യമിടുന്നുണ്ട്.
മാറിയ കാലത്തും അരക്ഷിതബോധം പേറി ജീവിക്കാൻ വിധിക്കപ്പെട്ട ന്യൂനപക്ഷ ജനസമൂഹം ഇന്നും നമുക്കിടയിലുണ്ട്. അവരുടെ ഉന്നമനത്തിനും അവകാശസംരക്ഷണത്തിനും ജാഗ്രത്തായുള്ള പ്രവർത്തനങ്ങളാണ് അനിവാര്യം. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ പ്രവർത്തനങ്ങൾ ദശാബ്ദം പിന്നിടുന്ന ഈ അവസരത്തിൽ കമ്മിഷന്റെ സ്ഥാപക ദിനാചരണം സമുചിതമായി സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. മതപരമോ, ഭാഷാപരമോ ആയ പശ്ചാത്തലം പരിഗണിക്കാതെ എല്ലാ പൗരന്മാരെയും തുല്യമായി പരിഗണിക്കുന്നതിനുള്ള തത്വങ്ങൾ ഊന്നിപ്പറയുവാനുള്ള അവസരമായി വിനിയോഗിക്കുവാൻ ഇത്തരം ദിനാചരണങ്ങളിലൂടെ നമുക്ക് കഴിയണം. മരണത്തിനും ജീവിതത്തിനുമിടയിൽ നിശ്ചലമാക്കപ്പെട്ട് ജീവിക്കാൻ വിധിക്കപ്പെട്ടവരല്ല, എല്ലാ മൗലികാവകാശങ്ങളോടും കൂടി വർണ, വർഗ, വംശ വ്യത്യാസങ്ങളേതുമില്ലാതെ, മുഖ്യധാരയിലേക്കുയർത്തപ്പെടേണ്ടവരാണ് ഏവരുമെന്ന പൊതുബോധം സൃഷ്ടിക്കാൻ ഈ ദിനാചരണം ഊർജം പകരും എന്ന് പ്രത്യാശിക്കാം.