Site icon Janayugom Online

പലസ്തീൻ രാഷ്ട്രം; അംഗീകരിച്ച്‌ മൂന്ന് യൂറോപ്യൻ രാജ്യങ്ങള്‍

പലസ്തീൻ രാജ്യം അംഗീകരിച്ച്‌ മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍. നോര്‍വേ, അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നി രാജ്യങ്ങളാണ് പലസ്തീനെ ഒരു രാജ്യമായി അംഗീകരിച്ചത്. ഇസ്രയേലുമായുള്ള സംഘർഷം തുടരുന്നതിനിടെയാണ് നടപടി. പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഇസ്രായേലിന്റെ മുന്നറിയിപ്പ് അവഗണിച്ച്‌ മൂന്ന് യൂറോപ്യൻ രാജ്യങ്ങളും മെയ് 28ന് ഔദ്യോഗികമായി അംഗീകാരം നല്‍കും. നോര്‍വേയാണ് ആദ്യമായി പലസ്തീന്‍ രാജ്യത്തെ അംഗീകരിച്ചത്. 

അംഗീകാരമില്ലെങ്കില്‍ പശ്ചിമേഷ്യയില്‍ സമാധാനമുണ്ടാകില്ല എന്ന് നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ പ്രതികരിച്ചു. ഒരു സ്വതന്ത്ര രാജ്യമായി മാറാന്‍ പലസ്തീന് മൗലികമായി അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിലൂടെ, അറബ് സമാധാന പദ്ധതിയെ നോര്‍വേ പിന്തുണയ്ക്കുന്നു. നോർവേയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, അയർലൻഡ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് തന്റെ രാജ്യവും പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നുവെന്ന് അറിയിച്ചു .

കഴിഞ്ഞ ആഴ്ചകളില്‍ മിഡില്‍ഈസ്റ്റ് മേഖലയിലെ ശാശ്വത സമാധാനത്തിന് ദ്വിരാഷ്ട്ര പരിഹാരം അനിവാര്യമാണെന്ന് വാദിച്ച്‌ അംഗീകാരം നല്‍കാന്‍ പദ്ധതിയിടുന്നതായി ഏതാനും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും സൂചിപ്പിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലെങ്കിലും നോര്‍വെയുടെ അംഗീകാരം ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. 

യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടിയെ വിമര്‍ശിച്ച ഇസ്രയേല്‍ നോര്‍വേ, അയര്‍ലന്‍ഡ് എന്നി രാജ്യങ്ങളില്‍ നിന്ന് സ്വന്തം അംബാസഡര്‍മാരെ തിരിച്ചുവിളിച്ചു. നടപടി തീവ്രവാദത്തെ അംഗീകരിക്കലാണെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാത്സ് വിമര്‍ശിച്ചു. പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതോടെ ഗാസ്യിലെ വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കുന്നതും അനന്തമായി നീളുമെന്നും വിദേശകാര്യ മന്ത്രി പ്രതികരിച്ചു. 

Eng­lish Summary:State of Pales­tine; Accept­ed by three Euro­pean countries
You may also like this video

Exit mobile version