Site iconSite icon Janayugom Online

സംസ്ഥാന സ്കൂൾ ശാസ്ത്ര മേള; സൃഷ്ടിവൈഭവത്തിന്റെ അത്ഭുത ലോകം

സൃഷ്ടി വൈഭവം വിളിച്ചോതുന്ന ഭിന്നശേഷി കുട്ടികളുടെ അത്ഭുതലോകമായിരുന്നു തേവര സേക്രട്ട് ഹാർട്ട് എച്ച്എസ്എ്സ് മൈതാനം.
ദൃശ്യ, ശ്രവണ വൈകല്യങ്ങൾ ഉള്ള 1500ല്‍ പരം കുട്ടികൾ പങ്കെടുത്ത സംസ്ഥാന സ്കൂൾതല പ്രവൃത്തി പരിചയ മേള മൊത്തത്തിൽ ആകർഷണീയമായി. കുടനിർമ്മാണം, ക്ലേമോഡലിങ്, അലങ്കാരവസ്തുക്കളുടെ നിർമാണം കുട്ട നെയ്യൽ, ചിരട്ടകൊണ്ടുള്ള ഉല്പന്നങ്ങളുടെ നിർമ്മാണം തുടങ്ങി ഒട്ടനവധി വൈവിധ്യങ്ങൾ പ്രകടമാക്കുന്ന വേദിയായി ആദ്യ ദിനം മാറി. മത്സരം തുടങ്ങിയപ്പോൾ തന്നെ കുട്ടികൾ ആവേശത്തിലായിരുന്നു. കോവിഡ് നഷ്ടപ്പെടുത്തിയ അവസരങ്ങൾ മത്സരാർത്ഥികൾ ശരിക്കും പുറത്തെടുത്തു. 

വിവിധ സ്കുളുകളിൽ നിന്നും എത്തിയ കുട്ടികളുടെ പ്രകടനങ്ങൾ കാണികളെ ആവേശത്തിലാക്കി. തങ്ങളുടെ ശാരീരിക കുറവുകൾ മാറ്റിവച്ച് മത്സരാർത്ഥികൾ അങ്കത്തിനിറങ്ങിയപ്പോൾ അതൊരു മനോഹര കാഴ്ചയായി മാറി. റോപ്പുകൾ കൊണ്ട് ബാസ്ക്കറ്റ് ബോൾ നെറ്റുണ്ടാക്കിയും ചിരട്ടകളും മറ്റ് ഉപയോഗ ശുന്യമായ വസ്തുക്കളും ഉപയോഗിച്ച് കൊണ്ടുള്ള കരകൗശല വസ്തുക്കൾ തീർത്തും ഇവർ സന്ദർശകരെ അത്ഭുതലോകത്തിലേക്ക് കൂട്ടികൊണ്ടുപോയി. എന്നാൽ തുടക്കത്തിൽ തന്നെ ചിലർക്ക് അടിതെറ്റി. എങ്കിലും അവരുടെ മനസാന്നിധ്യം കൊണ്ട് പലരും മത്സരത്തിലേക്ക് മടങ്ങുന്ന കാഴ്ചയായിരുന്നു കാണാൻ കഴിഞ്ഞത്. ഇവരെ ആശ്വസിപ്പിക്കാൻ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും ഒപ്പമുണ്ടായിരുന്നു. 

പരിസ്ഥിതി സൗഹാർദ്ദത്തിനുതകുന്ന നിർമ്മിതികളും വേദിയിൽ കാണാൻ കഴിഞ്ഞു. അതിനിടെ കുട്ടികളുടെ സർഗവൈഭവം നേരിട്ട് കാണാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും എത്തിയിരുന്നു. ഓരോ കുട്ടികളും നിർമ്മിച്ച ഉല്പന്നങ്ങൾ കണ്ടശേഷമാണ് അദ്ദേഹം വേദിയിൽ നിന്നും മടങ്ങിയത്. മത്സരത്തിന് ശേഷം സ്കൂളിൽ പ്രദർശനത്തിന് വച്ച വസ്തുക്കൾ വിലകൊടുത്തു വാങ്ങാനും കാണുന്നതിനുമായി നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

Eng­lish Summary:State School Sci­ence Fair; A won­der­ful world of creativity
You may also like this video

Exit mobile version