55-ാമത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം രണ്ട് ദിനങ്ങൾ പിന്നിടുമ്പോൾ മലപ്പുറം ജില്ല മുന്നിൽ. 301 പോയിന്റുമായാണ് മലപ്പുറം ആധിപത്യം തുടരുന്നത്. തൊട്ടുപിന്നാലെ കോഴിക്കോടും (292), തൃശൂരും (288) ഉണ്ട്. ആതിഥേയരായ തിരുവനന്തപുരം 283 പോയിന്റുമായി നാലാം സ്ഥാനത്താണ്. 282 പോയിന്റുമായി കാസർകോട് ആണ് അഞ്ചാമത്. എല്ലാ വിഭാഗങ്ങളിലുമായി അമ്പത് ഇനങ്ങളിൽ ഇന്നലെ മത്സരങ്ങൾ പൂർത്തിയായി.
സ്കൂൾ തലത്തിൽ 52 പോയിന്റുമായി വയനാട് മാനന്തവാടി ഗവ. വിഎച്ച്എസ്എസ് മുന്നിലുണ്ട്. 50 പോയിന്റുമായി ടിആർകെഎച്ച്എസ്എസ് വാണിയം കുളം പാലക്കാട് ആണ് രണ്ടാം സ്ഥാനത്ത്. 48 പോയിന്റുമായി ആലപ്പുഴ എംഐഎച്ച്എസ് പൂങ്കാവും 46 പോയിന്റുമായി മേമുണ്ട എച്ച്എസ്എസ് കോഴിക്കോട് തൊട്ടുപിന്നിലുമുണ്ട്. സ്പെഷ്യൽ സ്കൂൾ പ്രവൃത്തി പരിചയമേള, ശാസ്ത്ര, സാമൂഹ്യശാസത്ര, ഗണിതശാസ്ത്ര, സ്റ്റിൽ, വർക്കിങ് മോഡൽ, ഐടി മേള വിഭാഗങ്ങളിലാണ് (ഹൈസ്കൂൾ) ഇന്നലെ മത്സരം നടന്നത്. ഇന്ന് ഇതേ വിഭാഗത്തിൽ ഹയർ സെക്കൻഡറി മത്സരങ്ങൾ നടക്കും.
സാമൂഹികശാസ്ത്ര- ഐടി മേള ഗവണ്മെന്റ് കോട്ടൺഹിൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലും, ശാസ്ത്രമേള പാളയം സെന്റ് ജോസഫ് എച്ച്എസ്എസ് സ്കൂളിലും, ഗണിതശാസ്ത്രം ജിഎംഎച്ച്എസ്എസ് സ്കൂളിലുമാണ് നടക്കുന്നത്. പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് സ്കൂളാണ് പ്രവൃത്തിപരിചയ മേള. വൊക്കേഷണൽ എക്സപോയും കരിയർ ഫെസ്റ്റും മണക്കാട് ജിഎംഎച്ച്എസ്എസ് സ്കൂളിലുമാണ് നടക്കുന്നത്. കുട്ടി ശാസ്ത്രജ്ഞരുടെ അറിവും കഴിവും മാറ്റുരക്കുന്ന സംസ്ഥാനതല സ്കൂൾ ശാസ്ത്രോത്സവം നാളെ കൊടിയിറങ്ങും.
English Summary: State School Science Festival: Malappuram ahead
You may also like this video

