Site iconSite icon Janayugom Online

സംസ്ഥാന സ്‌കൂള്‍ കായിക മേള; ചുവടുകള്‍ പിഴയ്ക്കാതെ ഗോപിക…

കളരിപ്പയറ്റില്‍ ചുവടുകള്‍ പിഴയ്ക്കാതെ ഗോപിക എസ് മോഹനന്‍. സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ കളരിപ്പയറ്റ് ആദ്യമായിട്ടാണെങ്കിലും ഗോപികയ്ക്ക് ഇത് ആദ്യമല്ല. എട്ടുവര്‍ഷത്തെ പരിശീലനമാണ് ഗോപികയെ പെണ്‍കുട്ടികളുടെ സീനിയര്‍ വിഭാഗം കളരിപ്പയറ്റ് ചുവടുകളില്‍ ഒന്നാമത് എത്തിച്ചത്. കളരിപ്പയറ്റിലെ മൂന്ന് വിഭാഗങ്ങളില്‍ ഒരു വിഭാഗമാണ് ചുവടുകള്‍. ഓരോ ചുവടുകളും ശൈലിയും കുത്തും ചവിട്ടും അടിസ്ഥാനമാക്കിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. വലതു കാലിന് ഉണ്ടായ പരിക്ക് വകവയ്ക്കാതെയായിരുന്നു ഗോപികയുടെ അഭ്യാസപ്രകടനം. 

പ്ലസ് ടു വിദ്യാര്‍ത്ഥിനി ആയതുകൊണ്ട് തന്നെ ഇനി ഒരു അവസരം ഉണ്ടാകില്ല. അതുകൊണ്ട് കാലിലെ പരിക്ക് ഒരു പ്രശ്‌നമായിരുന്നില്ല എന്ന് ഗോപിക പറഞ്ഞു. കളരി ഗുരുക്കളായ മഹേഷിന്റെ നേതൃത്വത്തിലായിരുന്നു ഗോപികയുടെ പരിശീലനം. ഗോപികയുടെ അച്ഛന്‍ മോഹനകുമാര്‍ കൂലിപ്പണിക്കാരനും അമ്മ സുജിത ടീച്ചറും ചേച്ചി അഞ്ജലി ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയുമാണ്. മലപ്പുറം പിപിഎംഎച്ച്എസ്എസിലെ ഫരീദ രണ്ടാം സ്ഥാനവും തൃശൂര്‍ നാഷണല്‍ എച്ച്എസ്എസിലെ ദേവിക മൂന്നാം സ്ഥാനവും നേടി. തിരുവനന്തപുരം കരമന ജിജിഎച്ച്എസ്എസിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് മൊട്ടമൂട് സ്വദേശിയായ ഗോപിക. 

Exit mobile version