Site iconSite icon Janayugom Online

സംസ്ഥാന സ്കൂള്‍ കായികമേള; മൊഞ്ചോടെ മലപ്പുറം…

സംസ്ഥാന സ്കൂൾ കായിക മേളയിൽ ചരിത്രം എഴുതി മലപ്പുറം ജില്ല. എറണാകുളത്ത്‌ സമാപിച്ച മേളയിൽ അത്‌ലറ്റിക്സ് ചാമ്പ്യൻ പട്ടം മലപ്പുറം ഏറ്റുവാങ്ങുമ്പോൾ അത് അവരുടെ ആദ്യത്തെ കിരീട നേട്ടമായി. 22 സ്വര്‍ണവും 32 വെള്ളിയും 24 വെങ്കലവുമടക്കം 247 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനം അരക്കിട്ട് ഉറപ്പിച്ചത്.

രണ്ടാമതെത്തിയ നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിന് 25 സ്വര്‍ണവും 13 വെള്ളിയും 18 വെങ്കലവുമടക്കം 213 പോയിന്റ് മാത്രമാണ് നേടാൻ സാധിച്ചത്. എട്ട് സ്വര്‍ണവും ഒമ്പത് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 73 പോയിന്റുമായി ആതിഥേയരും മുന്‍ ചാമ്പ്യന്മാരുമായ എറണാകുളമാണ് മൂന്നാമത്. നാലാം സ്ഥാനം കോഴിക്കോടിനാണ്. ഏഴ് സ്വര്‍ണവും ആറ് വെള്ളിയും 10 വെങ്കലവുമടക്കം 72 പോയിന്റ്. തിരുവനന്തപുരം (9), ആലപ്പുഴ (6), കാസര്‍കോട് (6), കോട്ടയം, കണ്ണൂര്‍, തൃശൂര്‍ (3വീതം), ഇടുക്കി (1), വയനാട് (2) എന്നീ ജില്ലകളും സ്വര്‍ണ നേട്ടത്തില്‍ പങ്കാളികളായി. പത്തനംതിട്ടയ്ക്കും കൊല്ലത്തിനും സ്വര്‍ണം നേടാന്‍ കഴിഞ്ഞില്ല.
കായിക മേള ആരംഭിച്ച ദിനം മുതൽ ഒന്നാം സ്ഥാനത്ത്‌ നിലയുറപ്പിച്ച മലപ്പുറത്തിന് ഒരിക്കൽ പോലും സ്ഥാന ചലനം ഉണ്ടായില്ല. കൃത്യമായി ആസൂത്രണം ചെയ്താണ് ഓരോ ഇനങ്ങളിലും അവർ ഇറങ്ങിയത്. കഴിഞ്ഞ വര്‍ഷം കുന്നംകുളത്ത് 28 സ്വര്‍ണവും 27 വെള്ളിയും 12 വെങ്കലവുമടക്കം 266 പോയിന്റ് സ്വന്തമാക്കിയായിരുന്നു പാലക്കാടിന്റെ കിരീടധാരണമെങ്കില്‍ ഇത്തവണ മെഡലുകളുടെയും പോയിന്റുകളുടെ കുറവും അവര്‍ക്ക് തിരിച്ചടിയായി. 

അതേസമയം കഴിഞ്ഞ വര്‍ഷം 13 സ്വര്‍ണവും 22 വെള്ളിയും 20 വെങ്കലവുമടക്കം 168 പോയിന്റ് നേടിയ മലപ്പുറം ഇത്തവണ സ്വപ്നതുല്യ കുതിപ്പ് നടത്തിയാണ് കിരീടത്തില്‍ മുത്തമിട്ടത്. എന്നാല്‍ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന കോഴിക്കോട് ഇത്തവണ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചാമ്പ്യന്‍ സ്കൂളുകള്‍ക്കുള്ള പോരാട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനവും മലപ്പുറം ജില്ലയിലെ സ്കൂളുകള്‍ കരസ്ഥമാക്കി. എട്ട് സ്വര്‍ണവും 11 വെള്ളിയും 7 വെങ്കലവുമടക്കം 80 പോയിന്റുമായി തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കടകശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസ് ചാമ്പ്യന്‍ സ്കൂളായി. 

രണ്ടാം സ്ഥാനം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിനാണ്. രണ്ട് സ്വര്‍ണവും ഒമ്പത് വെള്ളിയും ഏഴ് വെങ്കലവുമടക്കം 44 പോയിന്റാണ് അവര്‍ക്കുള്ളത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന എറണാകുളം കോതമംഗമലം മാര്‍ബേസില്‍ എച്ച്എസ്എസ് ഇത്തവണ മൂന്നാം സ്ഥാനത്താണ്. അഞ്ച് സ്വര്‍ണവും, ആറ് വെള്ളിയുമടക്കം 43 പോയിന്റ്. 29 പോയിന്റുമായി കാസര്‍കോട് കുട്ടമത്ത് ജിഎച്ച്എസ്എസും 28 പോയിന്റുമായി പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസുമാണ് നാലും അഞ്ചും സ്ഥാനത്ത്.
അഞ്ച് ദിവസമായി നടന്ന അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ആകെ ഒമ്പത് റെക്കോഡുകളും പിറവിയെടുത്തു.

Exit mobile version