Site iconSite icon Janayugom Online

സംസ്ഥാന സ്കൂള്‍ കായികമേള; ‘തല’ സ്ഥാനം കൈവിടാതെ തിരുവനന്തപുരം

സംസ്ഥാന സ്കൂള്‍ കായികമേള മൂന്ന് ദിവസം പിന്നിടുമ്പോള്‍ എതിരാളികളെ നിഷ്‍പ്രഭരാക്കി ആതിഥേയരായ തലസ്ഥാന ജില്ലയുടെ തേരോട്ടം. 145 സ്വര്‍ണവും 104 വെള്ളിയും 124 വെങ്കലവും അടക്കം 1272 പോയിന്റ് നേടിയാണ് തിരുവനന്തപുരം കുതിക്കുന്നത്. അക്വാട്ടിക്സില്‍ 85 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 544 പോയിന്റാണ് തിരുവനന്തപുരത്തിന്റെ സമ്പാദ്യം. 61 സ്വര്‍ണം, 51 വെള്ളി, 37 വെങ്കലം എന്നിവയാണ് തിരുവനന്തപുരം നീന്തല്‍ക്കുളത്തില്‍ മുങ്ങിയെടുത്തത്. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന് 119 പോയിന്റ് മാത്രമാണുള്ളത്. 83 സ്വര്‍ണം, 51 വെള്ളി, 85 വെങ്കലം എന്നിവ നേടി ഗെയിംസ് ഇനങ്ങളില്‍ 715 പോയിന്റാണ് തലസ്ഥാനത്തിനുള്ളത്. 66 സ്വര്‍ണം, 31 വെള്ളി, 67 വെങ്കലം എന്നിവ നേടി 588 പോയിന്റോടെ തൃശൂര്‍ ജില്ലയാണ് പോയിന്റ് പട്ടികയില്‍ രണ്ടാമത്. 44 സ്വര്‍ണവും 54 വെള്ളിയും 65 വെങ്കലവും അടക്കം 496 പോയിന്റാണ് മൂന്നാം സ്ഥാനത്തുള്ള കണ്ണൂരിനുള്ളത്. അത്‌ലറ്റിക്സില്‍ പാലക്കാട് കുതിപ്പ് തുടരുകയാണ്. 31 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 80 പോയിന്റുമായാണ് പാലക്കാട് മുന്നിലുള്ളത്. 

ഇന്നലെ മൂന്ന് മീറ്റ് റെക്കോഡുകളാണ് പിറന്നത്. രണ്ടെണ്ണം അത്‍ലറ്റിക്സിലും ഒരെണ്ണം നീന്തലിലും. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റ‍ര്‍ ഹര്‍ഡില്‍സില്‍ മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്‍എസിലെ സി കെ ഫസലുള്‍ ഹഖ് 13.78 സെക്കൻഡിലാണ് റെക്കോഡിട്ടത്. കഴിഞ്ഞ വര്‍ഷം തൃശൂര്‍ ചാല്‍ഡീൻ സിറിയൻ എച്ച്എസ്എസിലെ വിജയകൃഷ്ണ കുറിച്ച് 13.97 സെക്കൻ‍ഡ് എന്ന റെക്കോഡാണ് പഴങ്കഥയായത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ കാസര്‍കോട് ചെറുവത്തൂര്‍ കുട്ടമത്ത് ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സോന മോഹൻ 38.64 മീറ്റര്‍ ദൂരത്തോടെയാണ് പുതിയ റെക്കോഡ് കുറിച്ചത്. തൃശൂര്‍ സ്വദേശി അതുല്യ ഏഴ് വര്‍ഷം മുമ്പ് കുറിച്ച 37.73 മീറ്ററാണ് സോന മറികടന്നത്. ജൂനിയർ പെൺകുട്ടികളുടെ 50 മീറ്റർ ഫ്രീ സ്റ്റൈൽ നീന്തലില്‍ തിരുവനന്തപുരം തോന്നയ്ക്കൽ ജിഎച്ച്എസ്എസിലെ ആർ എസ് വൃന്ദയാണ് റെക്കോഡ് നേടിയത്. 

Exit mobile version