Site icon Janayugom Online

ഓഗസ്റ്റ് ഒന്നിനും രണ്ടിനും സംസ്ഥാന വ്യാപക ഭക്ഷ്യസുരക്ഷാ ലൈസൻസ് പരിശോധന

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്നിനും രണ്ടിനും സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവ് 2023’ എന്ന പേരിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധനകൾ നടത്തും. മുഴുവൻ ഭക്ഷ്യസംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിധിയിൽ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ എല്ലാവരുടേയും സഹകരണം ആവശ്യമാണ്. മുഴുവൻ ഭക്ഷ്യ സ്ഥാപനങ്ങളും അവരുടെ വരുമാന പരിധിയനുസരിച്ച് രജിസ്ട്രേഷനോ ലൈസൻസോ ഉറപ്പുവരുത്തണം. ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെ ഭക്ഷ്യസംരംഭങ്ങൾ നടത്തുന്നവർക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും എഫ്എസ്എസ്എഐ ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുക്കണം. സ്വന്തമായി ഭക്ഷണം നിർമ്മിച്ച് വില്പന നടത്തുന്നവർ, പെറ്റി റീടെയ്‌ലര്‍, തെരുവ് കച്ചവടക്കാർ, ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നവർ, താല്‍ക്കാലിക കച്ചവടക്കാർ എന്നിവർക്ക് മാത്രമാണ് രജിസ്ട്രേഷൻ അനുമതിയോടെ പ്രവർത്തിക്കാം.
ജീവനക്കാരെ ഉൾപ്പെടുത്തി തട്ടുകട നടത്തുന്നവരും ലൈസൻസ് എടുക്കണം. എന്നാൽ നിരവധി കച്ചവട സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിന് പകരം രജിസ്ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്നതായി പരിശോധനകളിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് പരിശോധനകൾ കർശനമാക്കിയത്. ലൈസൻസിന് പകരം രജിസ്ട്രേഷൻ മാത്രമെടുത്ത് പ്രവർത്തിക്കുന്നവരെ ലൈസൻസ് ഇല്ലാത്തവരായി പരിഗണിച്ച് നടപടി സ്വീകരിക്കും. ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതോ ഭക്ഷ്യസുരക്ഷ ലൈസൻസ് പരിധിയിൽ വന്നിട്ടും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷനിൽ പ്രവർത്തിക്കുന്നതോ ആയ സ്ഥാപനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടച്ചുപൂട്ടൽ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും.
ഓഗസ്റ്റ് ഒന്നാം തീയതിക്ക് ശേഷം ലൈസൻസ് ഇല്ലാത്ത ഭക്ഷ്യസംരംഭ സ്ഥാപനങ്ങൾ യാതൊരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല. ലൈസൻസ് ലഭിക്കുന്നതിനായി fos­cos. fssai.gov.in എന്ന പോർട്ടലിലൂടെ അപേക്ഷിക്കാം. സാധാരണ ലൈസൻസുകൾക്ക് 2,000 രൂപയാണ് ഒരു വർഷത്തേക്കുള്ള ഫീസ്. ഓഗസ്റ്റ് ഒന്നിനുശേഷം ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തനം ലൈസൻസ് നേടുന്നതുവരെ നിർത്തിവയ്പ്പിക്കുന്നതും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നവർക്കെതിരെ നിയമപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കും.

eng­lish summary;State wide food safe­ty license inspec­tion on August 1st and 2nd

you may also like this video;

Exit mobile version