Site iconSite icon Janayugom Online

മൊഴികളില്‍ വ്യക്തയില്ല; എന്‍ വാസുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി നോട്ടീസ് അയയ്ക്കും

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍ വാസുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി. കഴിഞ്ഞ ദിവസം വാസുവിനെ ചോദ്യം ചെയ്കതിരുന്നെങ്കിലും മൊഴികളില്‍ വ്യക്തതയുണ്ടായിരുന്നില്ല. അതിനാലാണ് വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വാസുവിന് നോട്ടീസ് നൽകും.എൻ വാസുവിനെ കഴിഞ്ഞ ദിവസമാണ് ഇ ഡി ചോദ്യം ചെയ്തത്.ഏഴ് മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടത്. സ്വർണപ്പാളികൾ ചെമ്പ് എന്ന് രേഖപ്പെടുത്തിയത് എന്തിന് എന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക് വാസു കൃത്യമായി മറുപടി നൽകിയില്ല എന്നാണ് ഇ ഡി പറയുന്നത്. പാളികളിൽ പൂശിയതിന്റെ ബാക്കി സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം ഉണ്ടെന്നറിഞ്ഞിട്ടുംനടപടിയെടുക്കാത്തത് ദുരൂഹമാണെന്നും ഇ ഡി വിലയിരുത്തുന്നു. 

എൻ വാസു സാമ്പത്തിക നേട്ടമുണ്ടാക്കിയിയിട്ടുണ്ടോ എന്നാണ് ഇ ഡി സംശയിക്കുന്നത്.ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള വാസുവിന്റെ ബന്ധത്തിലും കൂടുതൽ അന്വേഷണം നടക്കും.അതേസമയം, തന്ത്രി കണ്ഠരര് രാജീവര് ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകും. മാർച്ച് ആദ്യ വാരം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിരുന്നു. കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് തന്ത്രിക്ക് നോട്ടീസ് ലഭിച്ചത്.ഫെബ്രുവരി പതിനെട്ടിനായിരുന്നു തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം ലഭിച്ചത്.കൊല്ലം വിജിലൻസ് കോടതിയാണ് തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. 

ശബരിമലയിലെ ദ്വാരപാലക ശിൽപം, കട്ടിളപ്പാളി കേസുകളിലാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. 41 ദിവസത്തെ റിമാൻഡിന് ശേഷമായിരുന്നു തന്ത്രിക്ക് ജാമ്യം ലഭിച്ചത്.കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയായ എൻ വാസുവിന് ഇക്കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിനായിരുന്നു ജാമ്യം ലഭിച്ചത്. സ്വാഭാവിക ജാമ്യമായിരുന്നു വാസുവിന് ലഭിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 2019 നവംബർ മുതൽ രണ്ടുവർഷമാണ് എൻ വാസു ദേവസ്വം ബോർഡ് പ്രസിഡന്റായി പ്രവർത്തിച്ചത്. ഇതിന് മുമ്പ് 2018 ഫെബ്രുവരി മുതൽ 2019 മാർച്ച് വരെ ദേവസ്വം കമ്മീഷണറായും പ്രവർത്തിച്ചിരുന്നു. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയായിരുന്നു എൻ വാസു ജാമ്യം തേടിയത്.

Exit mobile version