Site icon Janayugom Online

മന്ത്രിമാരുടെ പ്രസ്താവനകള്‍ സര്‍ക്കാരിന്റെ അഭിപ്രായമല്ല

സര്‍ക്കാരില്‍ ഔദ്യോഗിക പദവി വഹിക്കുന്ന മന്ത്രി‌ നടത്തുന്ന പ്രസ്താവനകളെ സര്‍ക്കാരിന്റെ അഭിപ്രായമായി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ നിന്ന് 4:1 ഭൂരിപക്ഷ ഉത്തരവാണുണ്ടായത്. വിയോജിപ്പ് രേഖപ്പെടുത്തിയത് ബെഞ്ചിലെ ജസ്റ്റിസ് ബി വി നാഗരത്ന.
ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബി ആര്‍ ഗവായി, എ എസ് ബൊപ്പണ്ണ, വി രാജസുബ്രമണ്യം, ബി വി നാഗരത്ന എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇന്നലെ ഉത്തരവു പുറപ്പെടുവിച്ചത്. സാധാരണ പൗരന്‍മാരെ പോലെതന്നെ ഭരണഘടന ആര്‍ട്ടിക്കിള്‍ 19 (2) പ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിന് മന്ത്രിമാര്‍ക്കും സാമാജികര്‍ക്കും അവകാശമുണ്ട്. അവര്‍ക്കായി പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ല. മന്ത്രിമാരും എംപിമാരും എംഎല്‍എമാരും നടത്തുന്ന പ്രകോപന പ്രസംഗങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഭരണഘടനാ വകുപ്പ് സാമാജികര്‍ക്കായി ചുമത്താന്‍ കഴിയില്ലെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

മന്ത്രിമാരുടെ പ്രസ്താവനകള്‍ ഭരണഘടനാ പ്രകാരം കര്‍ത്തവ്യ ലംഘനമായി കണക്കാക്കാന്‍ കഴിയില്ല. എന്നാലത് കുറ്റകൃത്യങ്ങളിലേക്ക് നയിക്കാനുള്ള ഉപാധിയാകരുത്. അങ്ങനെയായാല്‍ അത് നിയമലംഘനമായി കണക്കാക്കാം. സര്‍ക്കാരില്‍ ഔദ്യോഗിക പദവി വഹിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും വിധി ബാധകമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഭരണഘടനയുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട് എന്ന് ഭൂരിപക്ഷ ഉത്തരവില്‍ പറയുന്നു.

അതേസമയം ബെഞ്ചിലെ അംഗമായ ബി വി നാഗരത്ന ഭൂരിപക്ഷ അഭിപ്രായത്തോട് വിയോജിച്ചാണ് വിധി പ്രസ്താവിച്ചത്. സാമാജികര്‍ക്കായി, അഭിപ്രായ സ്വാതന്ത്ര്യം എന്ന ഭരണഘടനയിലെ മൗലികാവകാശങ്ങളില്‍ പുതിയ നിയന്ത്രണങ്ങള്‍ കോടതി ഏര്‍പ്പെടുത്തേണ്ടതില്ല. പക്ഷേ, വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവരെ വിലക്കാന്‍ സ്വന്തം വിവേകം ഉപയോഗിച്ച് പാര്‍ലമെന്റ് നിയമം പാസാക്കണം. വിദ്വേഷ പ്രസംഗങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും വിധിയില്‍ ഉദ്ധരിച്ചാണ് ജസ്റ്റിസ് നാഗരത്ന വിയോജന വിധി എഴുതിയത്.

Eng­lish Summary;Statements by Min­is­ters are not the opin­ion of the Government
You may also like this video

Exit mobile version