Site icon Janayugom Online

സംസ്ഥാനത്തിന്റെ സാക്ഷരതാ നിരക്ക് രാജ്യത്തെ ഏറ്റവും ഉയർന്ന റാങ്കില്‍: മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തിന്റെ സാക്ഷരതാ നിരക്ക് സ്ഥിരമായി രാജ്യത്തെ ഏറ്റവും ഉയർന്ന റാങ്കിലാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിന്റെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യത്തിൽ അചഞ്ചലമായ ഊന്നൽ നൽകുന്നതാണ് കേരള സ്കൂൾ വിദ്യാഭ്യാസത്തിന്റെ പ്രധാന ഗുണങ്ങളിലൊണ്. കേരളം അസാധാരണമായ സാക്ഷരതാ നിരക്കിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധതയ്ക്കും പ്രശസ്തി നേടിയിട്ടുണ്ട്.

വിദ്യാഭ്യാസ സമ്പ്രദായത്തിൽ സാങ്കേതികവിദ്യ ഉൾപ്പെടുത്തുന്നതിലും കേരളം മുൻപന്തിയിലാണ്. ടെക്നോളജിയിലൂടെ, വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളുടെ പരിധിക്കപ്പുറമുള്ള വിപുലമായ വിജ്ഞാന ശേഖരത്തിലേക്ക് പ്രവേശനമുണ്ട്, ഇത് വിവിധ വിഷയങ്ങൾ ആഴത്തിൽ മനസിലാക്കാനും അവരുടെ അഭിനിവേശം പിന്തുടരാനും അവരെ പ്രാപ്തരാക്കുന്നതായും മന്ത്രി പറഞ്ഞു. ചടങ്ങിൽ സാംസ്കാരിക യുവജന ക്ഷേമ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി മനോജ് സ്വാഗതം പറഞ്ഞു. എൻ എസ് സ്കൂൾ മാനേജർ കെ ആർ രാമചന്ദ്രൻ നായർ വിശിഷ്ടാതിഥികൾക്ക് ഉപഹാര സമർപ്പണം നടത്തി.

നായർ സമാജം എജുക്കേഷണൽ ട്രസ്റ്റ് പ്രസിഡൻറ് കെജി വിശ്വനാഥൻ നായർ ആമുഖപ്രഭാഷണം നടത്തി. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നകുമാരി, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം അനിൽ എസ് അമ്പിളി, വാർഡംഗം ശാന്തിനി ബാലകൃഷ്ണൻ, പിടിഎ പ്രസിഡന്റ് സലിം പടിപ്പുരക്കൽ, എൻ എസ് എച്ച് എസ് വൈസ് പ്രിൻസിപ്പൽ ജെ ഹരികൃഷ്ണൻ, അധ്യാപക അസോസിയേഷൻ സെക്രട്ടറി എസ് വിജയകുമാർ എന്നിവർ പങ്കെടുത്തു. അധ്യാപക പ്രതിനിധി കെ ആർ പ്രദീപ് കുമാർ നന്ദി പറഞ്ഞു.

Exit mobile version