Site icon Janayugom Online

കേന്ദ്രത്തിനെതിരെ പോര്‍മുഖം തുറന്ന് സംസ്ഥാനങ്ങള്‍

സംസ്ഥാനങ്ങള്‍ വന്‍വില കൊടുത്ത് ഏറ്റെടുത്ത് നല്കുന്ന ഭൂമിയില്‍ പടുത്തുയര്‍ത്തിയ സ്ഥാപനങ്ങള്‍ വിറ്റഴിച്ച് ധനസമ്പാദനം നടത്തുന്ന കേന്ദ്ര നയത്തിനെതിരെ പുതിയ പോര്‍മുഖം തുറന്ന് സംസ്ഥാനങ്ങള്‍. ഒപ്പം വൈസ് ചാന്‍സിലറെ നിയമിക്കുവാനുള്ള ഗവര്‍ണറുടെ അധികാരം ഏറ്റെടുക്കുന്ന നിയമനിര്‍മ്മാണം നടത്തി തമിഴ്‌നാട് സര്‍ക്കാരും. സംസ്ഥാനം ഏറ്റെടുത്ത് നല്കിയ ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങള്‍ സ്വകാര്യവല്ക്കരിക്കുമ്പോള്‍ ലഭിക്കുന്ന തുകയുടെ വിഹിതം ലഭിക്കണമെന്നാവശ്യം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ആദ്യം മുന്നോട്ടുവച്ചത്. 

കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡും ഝാർഖണ്ഡിലെ ജെഎംഎം നേതൃത്വത്തിലുള്ള സർക്കാരും തമിഴ്‍നാടിന്റെ നിർദേശത്തെ പിന്തുണച്ച് രംഗത്തെത്തി. വിമാനത്താവളം സ്വകാര്യവല്കരിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിൽ സംസ്ഥാന സർക്കാരിന് വിഹിതം വേണമെന്നാണ് ഈ സംസ്ഥാനങ്ങളുടെയും നിലപാട്. രണ്ടാഴ്ച മുമ്പാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇതുസംബന്ധിച്ച നയരേഖ പുറത്തിറക്കിയത്. സംസ്ഥാനം ഭൂമിയില്‍ നടത്തിയ നിക്ഷേപത്തിന് ആനുപാതികമായ വിഹിതം കിട്ടണമെന്നായിരുന്നു നയരേഖയിലെ പ്രധാന ആവശ്യം.

തമിഴ്‌നാട്ടിലെ ട്രിച്ചി, ഛത്തീസ്ഗഡിലെ റായ്‍പുര്‍ ഉൾപ്പെടെ 13 വിമാനത്താവളങ്ങൾ സ്വകാര്യവല്ക്കരിക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ എഎഐ ബോർഡ് അനുമതി നൽകിയിരുന്നു. ഭൂമി സംസ്ഥാന വിഭവമാണെന്നും സംസ്ഥാനവും കേന്ദ്ര സർക്കാരും ചേർന്ന് ഒരു പദ്ധതി വികസിപ്പിക്കുന്നത് വരുമാനമുണ്ടാക്കുന്നതിനാണെന്നും ഛത്തീസ്ഗഢ് പഞ്ചായത്ത്, ഗ്രാമവികസന മന്ത്രി ടി എസ് സിങ്‍ദേവ് പറഞ്ഞു.
ഭൂമി സംസ്ഥാന സർക്കാരിന്റേതാണെന്നും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നല്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും ഝാര്‍ഖണ്ഡ് ധനമന്ത്രി രാമേശ്വര്‍ ഒരോണ്‍ പറഞ്ഞു. പൊതു ഉടമസ്ഥതയിലായിരിക്കുമ്പോൾ പ്രശ്നമില്ല. കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കുന്ന വരുമാനത്തിലെ ചെറിയ വിഹിതമെങ്കിലും സംസ്ഥാന സർക്കാരിലേക്ക് എത്തും. എന്നാല്‍ സ്വകാര്യവല്ക്കരിക്കുമ്പോള്‍ കേന്ദ്രം മാത്രം വരുമാനം കയ്യടക്കുന്ന രീതി ശരിയല്ല. ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി പൊതുനയം രൂപീകരിക്കണമെന്ന് രാമേശ്വര്‍ ആവശ്യപ്പെട്ടു. 

Eng­lish Summary:States open front against the Center
You may also like this video

Exit mobile version