Site iconSite icon Janayugom Online

മൊബൈൽ ഫോൺ കവർച്ച ചെയ്ത സ്റ്റേഷൻ റൗഡി റിമാന്റിൽ

മൊബൈൽ ഫോൺ കവർച്ച ചെയ്യാൻ ശ്രമിച്ച പുത്തൻച്ചിറ പിണ്ടാണി സ്വദേശി പനങ്ങായി വീട്ടിൽ മുഹമ്മദ് സാലിഹിനെ (19) മാള പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ 20 തിയ്യതി രാത്രി പുത്തൻച്ചിറ ശാന്തിനഗറിന് അടുത്ത് വെച്ച് നടന്നു പോവുകയായിരുന്ന ഹോളോ ബ്രിക്സസ് കമ്പനിയിലെ ജോലിക്കാരനായ ബീഹാർ സ്വദേശി അജയ് ഭഗഥിനെ(36) തടഞ്ഞ് നിർത്തി ഷർട്ടിൽ പിടിച്ച് തള്ളി ഭീഷണിപ്പെടുത്തിയാണ് ഇയാളുടെ പതിനായിരം രൂപ വില വരുന്ന മൊബൈൽ ഫോൺ കവർച്ച ചെയ്യാൻ ശ്രമിച്ചത്. നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയായ മുഹമ്മദ് സാലിഹിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

മാള, കാട്ടൂർ, ആളൂർ പോലീസ് സ്റ്റേഷനുകളിലായി മയക്ക് മരുന്ന് വിൽപ്പന, തുടങ്ങിയ നാല് ക്രമിനൽ കേസുകളിലെ പ്രതിയാണ്. എക്സൈസ്ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട മുഹമ്മദ് സാലിഹും കൂട്ടുപ്രതിയും തമിഴ്നാട് പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിന് തമിഴ്നാട് ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയാണ് ഈ കേസിൽ ഉൾപ്പെട്ടത്. മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി, എസ്.ഐ. ബെന്നി.കെ.ടി, എ.എസ്.ഐ നജീബ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Exit mobile version