Site iconSite icon Janayugom Online

സിബിഐ മാപ്പുപറയണമെന്ന ഉത്തരവിന് സ്റ്റേ; കോടതിയലക്ഷ്യ കേസ് നല്‍കി ആകര്‍ പട്ടേല്‍

വിമാനത്താവളത്തില്‍ വച്ച് തടഞ്ഞ സംഭവത്തില്‍ ആംനെസ്റ്റി ഇന്ത്യ മുന്‍ മേധാവി ആകര്‍ പട്ടേലിനോട് മാപ്പുപറയണമെന്ന ഉത്തരവ് സ്റ്റേ ചെയ്തു. ഡല്‍ഹി റോസ് അവന്യു കോടതിയുടെ ഉത്തരവിനെതിരെ സിബിഐ നല്‍കിയ ഹര്‍ജിയില്‍ പ്രത്യേക കോടതിയുടേതാണ് നടപടി. ഹര്‍ജിയില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കും. അനുമതിയില്ലാതെ ആകര്‍ രാജ്യം വിടരുതെന്നു പറഞ്ഞ കോടതി സിബിഐ അദ്ദേഹത്തിനോട് മാപ്പ് പറയണമെന്ന ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു. പ്രത്യേക സിബിഐ കോടതി ജഡ്ജി സന്തോഷ് സ്നേഹി മന്നാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. 

അതേസമയം യുഎസിലേക്ക് യാത്രതിരിച്ച തന്നെ വിമാനത്താവളത്തില്‍ വീണ്ടും തടഞ്ഞ നടപടി കോടതിയലക്ഷ്യമാണെന്നാരോപിച്ച് ആകര്‍ പട്ടേല്‍ സിബിഐക്കെതിരെയും ഹര്‍ജി നല്‍കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിബിഐ പോലുള്ള ഒരു ഏജന്‍സി ‘അടിയന്തര’മായി നടപ്പിലാക്കണമെന്നുള്ള കോടതിയുടെ ഉത്തരവിനെ ഗൗനിച്ചില്ലെന്ന് ആകര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
യുഎസിലേക്കു യാത്ര തിരിച്ച ആകറിനെ സിബിഐ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ബംഗളുരു വിമാനത്താവളത്തില്‍ വച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. 

ഈ നടപടിക്കെതിരെ അദ്ദേഹം നല്‍കിയ ഹര്‍ജിയില്‍ ലുക്കൗട്ട് നോട്ടീസ് അടിയന്തരമായി പിന്‍വലിക്കണമെന്നും സിബിഐ മേധാവി എഴുതി തയാറാക്കിയ മാപ്പപേക്ഷ ആകറിന് കൈമാറണമെന്നും അഡീഷണല്‍ ചീഫ് മെട്രോപൊഴിഫ്ഫന്‍ മജിസ്ട്രേറ്റ് പവന്‍ കുമാര്‍ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെയാണ് സിബിഐ ഹര്‍ജി നല്‍കിയത്.

Eng­lish Summary:Stay on CBI apol­o­gy order; Aakar Patel files court case
You may also like this video

Exit mobile version