Site iconSite icon Janayugom Online

സിബിൽ സ്കോർ മാനദണ്ഡം നീക്കിയ ഉത്തരവിന് സ്റ്റേ

സിബിൽ സ്കോർ കുറവാണെന്ന പേരിൽ ബാങ്കുകൾ വിദ്യാഭ്യാസ വായ്പകൾ അനുവദിക്കാതിരിക്കരുതെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ. എസ് ബി ഐ നൽകിയ അപ്പീലിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്. ബാങ്കുകൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നായിരുന്നു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. 

സിബിൽ സ്കോർ കുറവാണെന്ന പേരിൽ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്നും വിദ്യാർത്ഥികൾ നാളെ ഈ നാടിനെ നയിക്കേണ്ടവരാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടിയിരുന്നു. ബാങ്ക് അധികൃതർ വിദ്യാഭ്യാസ വായ്പ നിഷേധിച്ചത് ചോദ്യം ചെയ്ത് ഭോപ്പാലിൽ എൻജിനീയറിങ് വിദ്യാർത്ഥിയായ ആലുവ സ്വദേശി നോയൽ പോൾ ഫ്രഡറിക്കിനായിരുന്നു ഹർജി നൽകിയിരുന്നത്. എന്നാൽ ലോൺ അനുവദിക്കുന്ന കാര്യത്തിൽ ഇടപെടാൻ ഹൈക്കോടതിക്കധികാരമില്ലെന്ന് ആരോപിച്ചായിരുന്നു എസ്ബിഐ അപ്പീൽ നൽകിയത്. 

പിതാവിന്റെ പേരിലുണ്ടായിരുന്ന രണ്ട് വായ്പയിലൊന്ന് എഴുതിത്തള്ളുകയും മറ്റൊന്നിൽ 16,667 രൂപ കുടിശികയുമുണ്ടായിരുന്നതിനെ തുടർന്നാണ് ബാങ്ക് വിദ്യാഭ്യാസ വായ്പ പോൾ ഫ്രഡറിക്കിന് നിഷേധിച്ചത്. എന്നാൽ, ഹർജിക്കാരന് വിദേശ കമ്പനി ജോലി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വിശദീകരിച്ചു. തുടർന്ന് വിദ്യാഭ്യാസ വായ്പയായി ഹർജിക്കാരന് 4.07 ലക്ഷം രൂപ നൽകാൻ എസ്ബിഐയ്ക്ക് കോടതി നിർദേശം നൽകി. ഇതിനെതിരെയാണ് എസ്ബിഐ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും പൊതുവെ ബാധിക്കുമെന്നും അപ്പീലിൽ പറയുന്നു.

Eng­lish Summary:Stay on order remov­ing CIBIL score criteria

You may also like this video

Exit mobile version