Site iconSite icon Janayugom Online

ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതം

ഉക്രെ‌യ്‌നിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കും റൊമേനിയന്‍ തലസ്ഥാനമായ ബുകാറെസ്റ്റിലേക്കും എയര്‍ ഇന്ത്യയുടെ രണ്ട് പ്രത്യേക വിമാനങ്ങള്‍ അയക്കുമെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. വിദ്യാര്‍ത്ഥികളുള്‍പ്പെടെ പതിനെട്ടായിരത്തോളം ഇന്ത്യക്കാരാണ് ഉക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നത്. 

അതേസമയം, 470 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടങ്ങുന്ന ആദ്യസംഘം ഉക്രെയ്‌ന്‍ അതിര്‍ത്തി കടന്ന് റൊമാനിയയിലെത്തി. ഇവരെ തലസ്ഥാനമായ ബുകാറെസ്റ്റിലേക്ക് എത്തിക്കും. 500 കിലോമീറ്ററോളം ദൂരമാണ് അതിര്‍ത്തിയില്‍ നിന്ന് തലസ്ഥാന നഗരത്തിലേക്കുള്ളത്. ഇന്ന് പുലര്‍ച്ചയോടെ ഇവിടെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം എത്തിയേക്കുമെന്നാണ് വിവരം. 

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പടിഞ്ഞാറൻ ഉക്രെയ്‍നിലെ ലിവിവിലും ചെർനിവറ്റ്സിയിലും ക്യാമ്പ് ഓഫീസുകൾ തുറന്നിട്ടുണ്ട്. പോളണ്ടിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ സഹായിക്കാൻ ക്യാമ്പ് ഓഫീസുകളിലേക്ക് റഷ്യന്‍ ഭാഷ സംസാരിക്കുന്ന കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചു. അതിര്‍ത്തികളിലേക്ക് യാത്രചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ പതാകയുടെ പകര്‍പ്പ് വാഹനങ്ങളില്‍ പതിപ്പിക്കണം. പാസ്‍പോര്‍ട്ട് , കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കൈയില്‍ കരുതുകയും വേണം. 

ഉക്രെയ്‍നില്‍ കുടുങ്ങിയ 40 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാല്‍നടയായി അതിര്‍ത്തി രാജ്യങ്ങളിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. പോളണ്ട് അതിർത്തിയിൽനിന്ന് എട്ട് കിലോമീറ്റർ അകലെ വരെ കോളജ് ബസില്‍ എത്തിയ ഇവര്‍ പിന്നീട് നടക്കുകയായിരുന്നു. ആളൊഴിഞ്ഞ റോഡിലൂടെ വിദ്യാർത്ഥികൾ നിരനിരയായി നീങ്ങുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പോളണ്ടിന് പുറമെ റൊമാനിയൻ അതിർത്തിയിലേക്കും ഒരു സംഘം വിദ്യാർത്ഥികൾ ബസിൽ പുറപ്പെട്ടിരുന്നു. ഹംഗറിയിലെയും റൊമാനിയയിലെയും അതിർത്തി ചെക്ക് പോയിന്റുകൾക്ക് അടുത്തുള്ളവരോട് ആദ്യം പോകണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. 

Eng­lish Summary:Steps are being tak­en to repa­tri­ate Indians
You may also like this video

Exit mobile version