കർഷകരിൽ നിന്ന് പച്ചക്കറി നേരിട്ട് സംഭരിച്ച് ഹോർട്ടി കോർപ്, വിഎഫ്‌പിസികെ എന്നീ വിപണികൾ മുഖേന ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി കൃഷി മന്ത്രി പി പ്രസാദ്. പച്ചക്കറിക്ക് വില വർധിക്കുന്ന വിഷയം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടായ കൃഷി നാശം പച്ചക്കറി ഉല്പാദനത്തെ സാരമായി ബാധിച്ചതായി മന്ത്രി വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിലയിരുത്തി.
തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ നാളെ മുതൽ തന്നെ സഞ്ചരിക്കുന്ന പച്ചക്കറി വിപണന ശാലകൾ സജ്ജമാകും. തുടർന്ന് കൂടുതൽ ഇടങ്ങളിലേക്ക് വിപണന ശാലകൾ വ്യാപിപ്പിക്കുന്നതിനാണ് പദ്ധതിയിടുന്നത്. പ്രാദേശികമായി ഉല്പാദിപ്പിക്കപ്പെടുന്ന പച്ചക്കറികൾ ലഭ്യമാകുന്നിടത്തോളം സംഭരിക്കുന്നതിനും തികയാത്തത് ഇതര സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്നും കാർഷികോല്പാദക സംഘടനകളിൽ നിന്നും നേരിട്ട് സംഭരിക്കാനുമാണ് തീരുമാനം. വരാനിരിക്കുന്ന ഓണക്കാലത്തു ആവശ്യമായ പച്ചക്കറികൾ വിപണിയിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനും, അതിനാവശ്യമായ പ്രവർത്തന മാർഗരേഖ ഒരാഴ്ചക്കക്കം തയാറാക്കാനും കൃഷിവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.
സാധ്യമാകുന്നത്ര പച്ചക്കറി നമ്മൾ തന്നെ കൃഷിചെയ്യണമെന്നും വിപണിയിലെ വില വർധനവ് ചെറുക്കാൻ നമ്മൾ പ്രാപ്തരാവേണ്ടതുണ്ട്. പച്ചക്കറിയുടെ തദ്ദേശീയമായ ഉല്പാദനം വർധിപ്പിക്കുന്നതിനും സംസ്ഥാനത്തെ പച്ചക്കറി ഉല്പാദനത്തിൽ സ്വയംപര്യാപ്തതയിൽ എത്തിക്കുന്നതിനും സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും മറ്റു വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ട് പ്രത്യേക പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
English Summary:Steps taken to procure excess vegetables from farmers and bring them to the market: Minister P Prasad
You may also like this video