Site iconSite icon Janayugom Online

കരാറുകാരുടെ ഡെപ്പോസിറ്റ് തുക കുറയ്ക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും: മന്ത്രി കെ എൻ ബാലഗോപാല്‍

ഗവ. കരാറുകാരിലെ സി, ഡി ഗ്രൂപ്പുകളിൽ പെടുന്നവർക്കുള്ള ഡെപ്പോസിറ്റ് തുക കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അതിനാവശ്യമായ നടപടികൾ വേഗത്തിലാക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ലൈസൻസ് ട്രാൻസ്ഫർ ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ഗവണ്മെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ടാഗോര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവൃത്തിയിലെ ഗുണമേന്മയ്ക്കൊപ്പം സമയകൃത്യതയും ഉറപ്പാക്കണം. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ നിര്‍വഹിക്കുന്നത് ചെറുകിട കരാറുകാരാണ്. കഴിഞ്ഞ സാമ്പത്തിക വർഷം അവർക്കുള്ള തുക നൽകാൻ പ്രയാസമുണ്ടായില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബജറ്റ് വിഹിതത്തിന്റെ 110 ശതമാനമാണ് കഴിഞ്ഞവർഷം നൽകിയത്. ജലജീവൻ മിഷൻ ഈ വർഷത്തോടെ നിർത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും തുടരുമെന്നാണ് ഇപ്പോൾ പറയുന്നത്. എന്നാല്‍ കേന്ദ്രത്തിന്റെ അന്തിമ തീരുമാനം വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ജനസാന്ദ്രതയേറിയതിനാൽ കേരളത്തിൽ റോഡ് വികസനത്തിലും പുതിയവ നിർമ്മിക്കുന്നതിലും പരിമിതികൾ ഏറെയാണെന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് പറഞ്ഞു. ഭൂഗർഭ പാതകളെക്കുറിച്ചുള്ള ചർച്ചകളാണ് ഭാവിയില്‍ സജീവമാകുക. ഇതേക്കുറിച്ച് തുടക്കത്തിൽ ആശങ്കയുണ്ടാകും. റണ്ണിങ്‌ കോൺട്രാക്ട്‌ നടപ്പാക്കിയപ്പോള്‍ ആദ്യം കരാറുകാരിലേറെപ്പേരും ആശങ്കാകുലരായിരുന്നു. എന്നാല്‍, പിന്നീട്‌ യോജിച്ചെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഫെഡറേഷൻ പ്രസിഡന്റ്‌ വി ജോയി എംഎൽഎ അധ്യക്ഷനായി. ഫെഡറേഷൻ പ്രസിഡന്റ്‌ വി ജോയി എംഎൽഎ അധ്യക്ഷനായി. മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, ബിജെപി തിരുവനന്തപുരം നോർത്ത്‌ ജില്ലാ പ്രസിഡന്റ്‌ കരമന ഹരി, കെ ജെ വർഗീസ്‌ എന്നിവർ സംസാരിച്ചു. വി കെ സി മമ്മദ്‌കോയ പതാകയുയർത്തി.

കാലടി ശശികുമാർ അനുശോചന പ്രമേയവും ജനറൽ സെക്രട്ടറി പി വി കൃഷ്‌ണൻ റിപ്പോർട്ടും ട്രഷറർ പി മോഹൻദാസ്‌ കണക്കും പി എം ഉണ്ണികൃഷ്‌ണൻ പ്രമേയഗവും അവതരിപ്പിച്ചു. സി രാധാകൃഷ്‌ണക്കുറുപ്പ്‌ സ്വാഗതവും ചീരാണിക്കര സുരേഷ്‌ നന്ദിയും പറഞ്ഞു. ഭാരവാഹികളായി വി കെ സി മമ്മദ്കോയ (രക്ഷാധികാരി), വി ജോയ് എംഎൽഎ (പ്രസിഡന്റ്), പി വി കൃഷ്ണൻ (വർക്കിങ് പ്രസിഡന്റ്), എ വി ശ്രീധരൻ (ജനറൽ സെക്രട്ടറി), പി ബി ദിനേശ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

പുഴകളിലേയും ഡാമുകളിലേയും മണൽ ഉപയോഗപ്പെടുത്തണം

പുഴകളിലും ഡാമുകളിലും അടിഞ്ഞുകൂടിയ മണൽ ശേഖരിച്ച്‌ പൊതുമരാമത്ത്‌ പ്രവൃത്തികൾക്ക്‌ ന്യായവിലയ്ക്ക് നൽകണമെന്ന് ഗവ. കോൺട്രാക്‌ടേർസ്‌ ഫെഡറേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കരാറുകാർക്ക്‌ ക്ഷേമനിധി ബോർഡ്‌ രൂപീകരിച്ച്‌ ക്ഷേമനിധി ഏർപ്പെടുത്തുക, പൊതുമരാമത്ത്‌ പ്രവൃത്തികൾക്ക്‌ അടങ്കൽ തയ്യാറാക്കാൻ ഡെൽഹി ഷെഡ്യൂൾ ഓഫ്‌ റേറ്റിനു (ഡിഎസ്‌ആർ) പകരം കേരളാ ഷെഡ്യൂൾ ഓഫ്‌ റേറ്റ്‌ നിശ്‌ചയിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

Exit mobile version