Site iconSite icon Janayugom Online

സംസ്ഥാന വ്യാപകമായി പാഴ്‌സലുകളില്‍ സ്റ്റിക്കര്‍ പരിശോധന; 40 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടപടി ആരംഭിച്ചു. ഈ മാസം ഒന്നു മുതല്‍ ഭക്ഷണ പാഴ്‌സലുകളില്‍ സ്ലിപ്പോ സ്റ്റിക്കറോ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം. സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത 40 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുടെ ഭാഗമായി നോട്ടീസ് നല്‍കി.

സംസ്ഥാനത്ത്  വെള്ളിയാഴ്ച ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡ് 321 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 53 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. വൃത്തിഹീനമായി പ്രവര്‍ത്തിച്ച ഏഴ് സ്ഥാപനങ്ങള്‍ അടപ്പിച്ചു. 62 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 21 പരിശോധനകളാണ് നടത്തിയത്. 25 മത്സ്യസാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

Exit mobile version