Site iconSite icon Janayugom Online

ദലാല്‍ സ്ട്രീറ്റില്‍ ചോരപ്പുഴ

അഞ്ച് ദിവസത്തെ റെക്കോഡ് കുതിപ്പുകൾക്കു പിന്നാലെ തുടരെ ഓഹരി വിപണികളില്‍ വന്‍ ഇടിവ്. 16 മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണ് ഇന്നലെ ബിഎസ്ഇ സെൻസെക്സിലുണ്ടായത്. 2.23 ശതമാനം, അഥവാ 1,628 പോയിന്റിന്റെ തകര്‍ച്ച രേഖപ്പെടുത്തി. 2022 ജൂൺ 16ന് 1.99 ശതമാനം ഇടിഞ്ഞതാണ് ഇതിനു മുൻപുള്ള ഏറ്റവും വലിയ തകർച്ച. ഇതോടെ നിക്ഷേപകർക്ക് ആകെ 4.59 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്.

ദേശീയ സൂചികയായ നിഫ്റ്റിയിലും സമാനമായ തകർച്ച നേരിട്ടു. ഡിസംബര്‍ പാദത്തില്‍ മോശം പ്രവര്‍ത്തനഫലം പുറത്തുവിട്ട ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യബാങ്കായ എച്ച്ഡിഎ‌ഫ‌്സി ബാങ്കിന്റെ ചുവടുപിടിച്ച് ബാങ്കിങ് ഓഹരികളാകെ തകര്‍ന്നടിയുകയായിരുന്നു. മൂന്നു വർഷത്തെ ഏറ്റവും വലിയ തകർച്ചയാണ് എച്ച്‌ഡിഎഫ്‌സി ഓഹരികളുടെ മൂല്യത്തിലുണ്ടായത്.

കൊടാക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഫെഡറൽ ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയും ഇടിവ് നേരിട്ടു. ഒരുവേള 71,429 വരെ തകര്‍ന്നടിഞ്ഞ സെന്‍സെക്‌സ് 71,500.76 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 21,550 വരെ താഴ്ന്ന നിഫ്റ്റി 460.35 പോയിന്റ് (2.09 ശതമാനം) ഇടിവില്‍ 21,571.95ലും വ്യാപാരം അവസാനിപ്പിച്ചു.

Eng­lish Summary:Stock markets
You may also like this video

Exit mobile version