Site iconSite icon Janayugom Online

കടുത്ത വയറുവേദന, യൂട്യൂബ് നോക്കി ശസ്ത്രക്രിയ; സ്വയം വയര്‍ കീറിയ യുവാവിന് 11 സ്റ്റിച്ച്

വയറുവേദന കലശലായതോടെ യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ നടത്തി യുവാവ്. ഉത്തര്‍പ്രദേശിലെ വൃന്ദാവനിലാണ് സംഭവം. ഡോക്ടറെ കാണിച്ചിട്ടും വയറുവേദന മാറാതിരുന്നതോടെയാണ് ശസ്ത്രക്രിയയൊക്കെ തുനിഞ്ഞത്. പിന്നാലെ വേദന സഹിക്കാന്‍ കഴിയാതെ വന്നതോടെ യുവാവിനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സുന്‍രാഖ് ഗ്രാമത്തിലെ 32‑കാരന്‍ രാജ ബാബുവിനാണ് സ്വയം ശസ്ത്രക്രിയ നടത്തിയത്. ദീര്‍ഘകാലമായി അപ്പെന്‍ഡിസൈറ്റിസ് ബാബുവിനെ അലട്ടുന്നുണ്ടായിരുന്നു. 14 വയസുള്ളപ്പോള്‍ അപ്പെന്‍ഡിസൈറ്റിസിന് ഇയാള്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

അടുത്തിടെ വീണ്ടും കടുത്ത വേദന അനുഭവപ്പെട്ടതോടെ യൂട്യൂബ് വീഡിയോകള്‍ നോക്കി മഥുരയിലെ മാര്‍ക്കറ്റില്‍ നിന്ന് ശസ്ത്രക്രിയക്ക് ആവശ്യമായ സര്‍ജിക്കല്‍ ബ്ലേഡ്, സൂചി, മുറിവ് തുന്നിക്കെട്ടാനുള്ള ചരട് എന്നിവ വാങ്ങി വീട്ടിലെ മുറിയില്‍വെച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു. വയറിലെ കീറേണ്ട ഭാഗത്ത് മരവിപ്പ് അനുഭവപ്പെടാനുള്ള കുത്തിവെയ്പ്പും സ്വയം എടുത്തിരുന്നു. പിന്നാലെ ശസ്ത്രക്രിയക്ക് ശേഷം മുറിവ് സ്വയം തുന്നിക്കെട്ടി. 11 സ്റ്റിച്ചുണ്ടായിരുന്നു.
മരവിപ്പിനെടുത്ത കുത്തിവെയ്പ്പിന്റെ ഫലം കുറഞ്ഞപ്പോഴാണ് ബാബുവിന് കടുത്ത വേദന അനുഭവപ്പെട്ടത്. ഒടുവില്‍ ബന്ധുക്കള്‍ ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ചു. 

Exit mobile version