Site iconSite icon Janayugom Online

കോന്നി മെഡിക്കൽ കോളേജ് ആംബുലൻസ് സർവീസ് നിര്‍ത്തിയത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു

അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കോന്നി മെഡിക്കൽ കോളേജിന് അനുവദിച്ച ആംബുലൻസ് സർവീസ് നടത്താത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. കോവിഡ് കാലഘട്ടത്തിലാണ് ആംബുലൻസ് ഇവിടേക്ക് എത്തിക്കുന്നത്. എന്നാൽ ആദ്യ സമയത്ത് തത്കാലിക ജീവനക്കാർ ആയിരുന്നു ആംബുലൻസ് ഓടിച്ചിരുന്നത്. എന്നാൽ പി എസ് സി വഴി നിയമനം ലഭിച്ച ജീവനക്കാർ ആണ് നിലവിൽ ആംബുലൻസ് ഓടിക്കുന്നത്. എന്നാൽ ഈ ജീവനക്കാർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിൽ ഉണ്ടെങ്കിലും ആംബുലൻസിൽ രോഗികളുമായി സർവീസ് നടത്തുന്നില്ല എന്നാണ് ആക്ഷേപം. മാത്രമല്ല കുറച്ചു കാലങ്ങളായി മെഡിക്കൽ കോളേജിന് അടിയിലെ പാർക്കിങ് ഗ്രൗണ്ടിൽ കയറ്റി ഇട്ട നിലയിൽ ആയിരുന്നു ഈ ആംബുലൻസ്. മെഡിക്കൽ കോളേജ് ആംബുലൻസ് സർവീസ് നടത്താതെ വന്നതോടെ 108 ആംബുലൻസിനെ ആണ് ഇപ്പോൾ സാധാരണ ജനങ്ങൾ ആശ്രയിക്കുന്നത്. 

രാത്രിയിൽ എട്ട് മണി കഴിഞ്ഞാൽ 108 ആംബുലൻസ് സർവീസ് നടത്താത്തത് മൂലം സ്വകാര്യ ആംബുലൻസുകളെ ജനങ്ങൾക്ക് ആശ്രയിക്കേണ്ടി വരുന്നുണ്ട്. വലിയ തുക നൽകിയെങ്കിൽ മാത്രമേ സ്വകാര്യ ആംബുലൻസുകളിൽ കോട്ടയം മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികളിലേക്ക് സാധാരണക്കാർക്ക് രോഗികളെ എത്തിക്കുവാൻ കഴിയു. സംസ്ഥാന പാതയുടെ നിർമ്മാണത്തിന് ശേഷം നിരവധി വാഹനാപകടങ്ങൾ ഉൾപ്പെടെ കോന്നിയിൽ നടക്കുന്നതിനാൽ ഇത്തരത്തിൽ അപകടത്തിൽ പെടുന്നവരേ പോലും മറ്റ് ആശുപത്രിയിൽ കൊണ്ടുപോകാൻ മെഡിക്കൽ കോളേജ് ആംബുലൻസ് പ്രയോജനപെടുത്താം എന്നിരിക്കെയാണ് ജീവനക്കാരുടെ അനാസ്ഥകൊണ്ട് ആംബുലൻസ് സർവീസ് നടത്തുവാൻ കഴിയാതെ പോകുന്നത്.

Exit mobile version