Site iconSite icon Janayugom Online

ചുമമരുന്ന് മരണം ; കമ്പനി ഉല്പാദനം നിര്‍ത്തി

ഉസ്ബക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ചുമ മരുന്ന് ഉല്പാദിപ്പിച്ച ഇന്ത്യൻ കമ്പനിയുടെ എല്ലാ മരുന്ന് നിർമ്മാണവും നിർത്തിവച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മാന്‍സുഖ് മാണ്ഡവ്യയാണ് മരിയോൺ ബയോടെകിന്റെ നോയിഡ ആസ്ഥാനമായുള്ള പ്ലാന്റിലെ മരുന്നുകളുടെ ഉല്പാദനം നിര്‍ത്തിവെച്ച കാര്യം അറിയിച്ചത്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അന്വേഷണത്തിനു ശേഷമാണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി മുതല്‍ തന്നെ ഉല്പാദനം നിര്‍ത്തി. അന്വേഷണം തുടരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

കമ്പനിയില്‍ നിന്നും ശേഖരിച്ച മരുന്നിന്റെ സാമ്പിൾ ചണ്ഡീഗഡിലെ പരിശോധനാ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി. അതേസമയം ഡോക്-1 മാക്സിന്റെ നിര്‍മ്മാണം നിര്‍ത്തിവച്ചതായി മരിയോണ്‍ ബയോടെക് കമ്പനി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എഥിലിൻ ഗ്ലൈക്കോൺ എന്ന രാസവസ്തുവിന്റെ സാന്നിധ്യം കഫ് സിറപ്പിലുണ്ടായിരുന്നുവെന്നാണ് ഉസ്ബക്കിസ്ഥാൻ ആരോഗ്യമന്ത്രാലയത്തിന്റെ കണ്ടെത്തൽ. നേരത്തെ ഇന്ത്യന്‍ ചുമമരുന്ന് ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 70 ഓളം കുട്ടികളുടെ മരണത്തിന് കാരണമായതായി ലോകാരോഗ്യ സംഘടന ആരോപിച്ചിരുന്നു.

Eng­lish Sum­ma­ry: stops mak­ing cough syrup after Uzbek deaths claim
You may also like this video

Exit mobile version