Site icon Janayugom Online

നെല്ല് സംഭരണം; കുടിശിക എത്രയും വേഗം നൽകുമെന്ന് കേന്ദ്രം

നെല്ല് സംഭരണത്തിനും മറ്റ് വിവിധ പദ്ധതികള്‍ക്കുമായി കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് ലഭിക്കാനുള്ള ആയിരം കോടിയിലധികം രൂപ നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്. കേന്ദ്രഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്രയുമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ഉറപ്പു നല്‍കിയത്. കേരളത്തിലെ ഭക്ഷ്യ‑പൊതുവിതരണരംഗത്ത് നടപ്പിലാക്കുന്ന നൂതനസംരംഭങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കുന്നതിനുമായായിരുന്നു കൂടിക്കാഴ്ച. വിവിധ പദ്ധതികൾ നടപ്പിലാക്കിയ ഇനത്തിൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള കുടിശിക കണക്കുകളുടെ പരിശോധനയും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാക്കി എത്രയും വേഗം നൽകുന്നതിന് നടപടി സ്വീകരിക്കാൻ ധാരണയായി. 

നെല്ല് സംഭരണപദ്ധതി പ്രകാരം കർഷകർക്ക് നൽകാനുള്ള താങ്ങുവില, ഭക്ഷ്യഭദ്രതാ നിയമപ്രകാരവും പിഎംജികെഎവൈ പദ്ധതിപ്രകാരവുമുള്ള ഗതാഗതച്ചെലവുകൾ, റേഷൻ വ്യാപാരികൾക്കുള്ള മാർജിൻ വിഹിതം, ആത്മനിർഭർ ഭാരത് പദ്ധതിപ്രകാരമുള്ള ഗതാഗത‑കൈകാര്യ ചെലവുകൾ എന്നീ ഇനങ്ങളിലായി 1000 കോടിയിൽ അധികം രൂപയാണ് കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. റേഷൻകടകളെ ആധുനികീകരിച്ചും വൈവിധ്യവല്‍ക്കരിച്ചും സംസ്ഥാനത്ത് നടപ്പിലാക്കുന്ന കെ-സ്റ്റോർ പദ്ധതി, കിടപ്പുരോഗികൾക്ക് ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹകരണത്തോടെ റേഷൻ വിഹിതം വീട്ടിലെത്തിച്ചു നല്കുന്ന ഒപ്പം പദ്ധതി, ആദിവാസി ഊരുകളിലും വിദൂരപ്രദേശങ്ങളിലും റേഷൻ വിതരണം ചെയ്യുന്ന സഞ്ചരിക്കുന്ന റേഷൻകടകൾ, 20 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭിക്കുന്ന സുഭിക്ഷാ ഹോട്ടലുകൾ, അതിഥിത്തൊഴിലാളികൾക്ക് കേരളത്തിലെ റേഷൻ കടകളിൽ നിന്ന് തങ്ങളുടെ വിഹിതം കൈപ്പറ്റാൻ സൗകര്യം ഒരുക്കുന്ന റേഷൻ റൈറ്റ് കാർഡ് എന്നിങ്ങനെയുള്ളവ അഭിനന്ദനാർഹമാണെന്നും ദേശീയതലത്തിൽ ആവശ്യമായ മാറ്റങ്ങളോടെ ഇവ നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമെന്നും സെക്രട്ടറി മന്ത്രിയെ അറിയിച്ചു.
തോന്നയ്ക്കലിലുള്ള കെ-സ്റ്റോർ, കിഴക്കേക്കോട്ടയിലെ സപ്ലൈകോ വില്പനശാല എന്നിവ കേന്ദ്രഭക്ഷ്യവകുപ്പ് സെക്രട്ടറി സന്ദർശിച്ചു. തുടർന്ന് മംഗലപുരത്തെ റേഷൻ കടയിൽ എത്തിയ അദ്ദേഹം കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ഒപ്പം പദ്ധതിയുടെ പ്രവർത്തനം നേരിൽ കണ്ടു മനസിലാക്കി. 

Eng­lish Summary:Storage of rice; The Cen­ter will pay the dues as soon as possible
You may also like this video

Exit mobile version