Site iconSite icon Janayugom Online

യൂറോപ്പിൽ നാശം വിതച്ച് ബോറിസ് കൊടുങ്കാറ്റ്

മധ്യ, കിഴക്കൻ യൂറോപ്പിൽ നാശം വിതച്ച്‌ ബോറിസ് കൊടുങ്കാറ്റ്. കൊടുങ്കാറ്റ് മൂലമുണ്ടായ പേമാരി ഓസ്ട്രിയ, ഹംഗറി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, റൊമാനിയ, സ്ലോവാക്ക്യ തുടങ്ങിയ രാജ്യങ്ങളിലാണ്‌ കനത്ത നാശം വിതച്ചിരിക്കുന്നത്. പേമാരിയെ തുടർന്നുണ്ടായ വെള്ളപൊക്കത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആറ് പേർ മരിച്ചതായി റിപ്പോർട്ട്. പോളണ്ടിലും ഓസ്ട്രിയയിലും ചെക്ക് റിപ്പബ്ലിക്കിലുമായി 10,000‑ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. 

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കിഴക്കൻ യൂറോപ്പ് കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ബോറിസ് കൊടുങ്കാറ്റിനെ തുടർന്നുണ്ടായിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക് അതിർത്തിക്കടുത്തുള്ള ഗ്ലൂക്കോളാസിയിൽ വെള്ളപ്പൊക്കത്തിൽ പാലം തകർന്നു. പോളണ്ടിൽ നിന്ന് റൊമാനിയയിലേക്ക് ഒഴുകുന്ന പല നദികളും കരകവിഞ്ഞൊഴുകിയതും ദുരന്തത്തിന്റെ ആഘാതം കൂട്ടി. സ്ട്രോണി സ്ലാസ്കിയിൽ അണക്കെട്ട് തകർന്നതിനെ തുടർന്ന് ഒരു വീട് ഒലിച്ചുപോയി. പേമാരിയിൽ റൊമാനിയയിൽ മാത്രം നാല് പേരാണ്‌ മരിച്ചത്. ഓസ്ട്രിയയിലെ വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിനിടെ ഒരു അഗ്നിരക്ഷാപ്രവർത്തൻ മരിച്ചു. ചെക്ക് റിപ്പബ്ലിക്കിലുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി പേരെ കാണാതായി. പ്രദേശത്ത് കനത്ത പേമാരിയ്ക്ക് സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി.

Exit mobile version