പൊട്ട് കുത്തുന്നിടത്ത് നൂറ്റൊന്നു പ്രാവശ്യം വലത്തേ കയ്യിലെ തള്ളവിരല് കൊണ്ട് ഉരച്ച് നോക്കിയാൽ ദൈവത്തെ കാണുമെന്ന് നാല് എ ക്ലാസ്സിലെ സരയു പറഞ്ഞത് വിശ്വസിച്ച് നൂറ്റൊന്ന് എണ്ണി തിട്ടപ്പെടുത്തി സ്വർണപണിക്കാരെപ്പോലെ ഉരച്ചുരച്ച് നെറ്റി വൃത്തികേടാക്കിയ എന്നെ ഞാനിടയ്ക്കൊക്കെ ഓർക്കും. ദൈവത്തെ കാണാത്തതിൽ മനം നൊന്ത് സരയുവിനോട് പരാതി പറഞ്ഞപ്പോൾ കണക്ക് തെറ്റീതാവുമെന്ന് അവള് തിരിച്ചടിച്ചു.
ദൈവത്തിനെ കാണാനുള്ള ക്യൂവിലെ വിജയിക്കപ്പെടാതെ പോയവരുടെ കൂട്ടത്തിലേക്ക് ഞാൻ പുറം തള്ളപ്പെട്ടു.
“നിന്റെ നെറ്റിയെന്താടീ ഇങ്ങനെ, പൂച്ച മാന്തിയതാ?” ഇത്യാദി ചോദ്യങ്ങൾക്ക്” ഉം” എന്ന മൂളൽ മാത്രം മറുപടി കൊടുത്തും, വലിയ പൊട്ടു കൊണ്ട് തോല് പോയിടം മറച്ചു വെച്ചും കുറേ ദിവസങ്ങൾ തള്ളി നീക്കി.
പപ്പായ ഒരു ഒറ്റത്തടി മരമാണെന്ന് റീജ ടീച്ചർ പറയുമ്പോൾ രണ്ടു മാസത്തേയ്ക്ക് എനിക്കൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. മൂന്നാം മാസം തറവാട്ടിലെ താഴെപ്പറമ്പിലെ തേൻ വരിക്കയുടെ അയൽവാസി പപ്പായ മരത്തിന് ആദ്യമായി ശാഖ വന്നു.
എന്റെ സയൻസ് പുസ്തകം സത്യത്തിന്റെ തുലാസിൽ നിന്ന് മിഥ്യയിലേക്ക് കൂപ്പു കുത്തി.
സത്യാവസ്ഥ അറിയാത്തതിനാൽ മുള്ളിൽ ചവിട്ടി നിൽക്കുന്ന അവസ്ഥ.
ടീച്ചർ ക്ലാസ്സിൽ വന്നതും പപ്പായമരത്തിന്റെ അസ്വാഭാവികത വെളിപ്പെടുത്തി.
ടീച്ചറുടെ മുഖം ചുവന്നു. വരണ്ട ചിരിയോടെ പറഞ്ഞു.
“പപ്പായ ഒറ്റത്തടിയിൽ നിന്നും മാറ്റി ശാഖയുടെ കോളത്തിലേക്ക് എഴുതൂ.”
താഴെ പറമ്പിലെ പാപ്പായക്ക് ശാഖ വന്നത് കൊണ്ട് മാത്രമാണോ ചേരി മാറിപ്പോയതെന്ന കാര്യം എന്നെ അസ്വസ്‌ഥപ്പെടുത്തി.
വീണ്ടും ചോദിച്ചാൽ ചുവന്നു തുടുത്ത ടീച്ചറുടെ മുഖം എന്റെ നേരെ പൊട്ടിത്തെറിക്കുമോ എന്ന പേടിയിൽ നാവ് മൗനത്തിൽ ഇട്ട് വെച്ചു.
എനിക്കത് അന്നും ഇന്നും പുത്തരിയല്ലല്ലോ.
കിടക്കാൻ നേരം “ആ മരം ഈ മരം ” എന്ന് വേഗത്തിൽ ഇരുപത്തൊന്നു പ്രാവശ്യം ചൊല്ലിയാൽ ഭാവിയിൽ ആരാകുമെന്നു സ്വപ്നത്തിൽ തെളിയുമെന്ന അമ്പിളിയുടെ വാക്ക് ഏഴാംക്ലാസ്സുകാരി വിശ്വസിച്ചില്ലേലും ഒന്ന് പരീക്ഷിക്കാമെന്നു കരുതി.
പുതപ്പിനടിയിൽ കിടന്ന് ‘ആമരീമരാമരീമ’ ആരും കേൾക്കാതെ വിരലിൽ കണക്ക് കൂട്ടി (എണ്ണം തെറ്റരുതല്ലോ) ചൊല്ലുമ്പോൾ ഭാവി മാത്രമായിരുന്നു മനസ്സിൽ. മാറിമാറി വിരലുകൾ രണ്ട് പ്രാവശ്യം എണ്ണിത്തീർത്ത് ചെറുവിരൽ ഒന്നു കൂടി എണ്ണി.ഇരുപത്തൊന്ന്!!
ചെടികളെ കുട്ടികളാക്കിയും, പുസ്തകത്തിൽ ഹാജറിട്ടും കളിക്കുന്ന കുട്ടിക്കാലത്തെ അതേ അധ്യാപികയുടെ പരിവേഷമാകും ചിലപ്പോൾ സ്വപ്‌നത്തിലെ പെൺകുട്ടിക്കും എന്ന് മുൻകൂട്ടി തീരുമാനമെടുത്തു.
കാര്യമെന്തായാലും ഇന്ന് രാത്രി ഭാവി തെളിയുമല്ലോ എന്ന പ്രതീക്ഷയിൽ കിടന്നുറങ്ങി.
വഴിയിൽ നിറയെ ചന്ദനമരങ്ങൾ.
നിബിഢവനനിറയെ ഹിംസ്ര ജന്തുക്കൾ,
കൊമ്പുകൾ ഇല്ലാത്ത വലിയ ആനകൾ.
‘സത്യമംഗലം കാട്’ എന്നൊരു ബോർഡും.
മുനിസാമി വീരഭദ്ര ഗൗണ്ടറുടെ താവളം!!
മൂക്കിന് താഴെ ‘റ’ യുടെ രണ്ടറ്റങ്ങൾ അല്പം ഉയർത്തി കവിളുകളിലേക്ക് പടർന്ന കൊമ്പൻമീശ.
ഞാനത് തൊട്ട് നോക്കി.
എണ്ണ തേച്ച് മിനുസപ്പെടുത്തിയിരിക്കുന്നു.
കൃത്രിമമാവുമോ എന്ന് സംശയം.വലിച്ചു നോക്കിയാലോ.. കയ്യിനെ അടക്കി നിർത്താനേ കഴിയുന്നില്ല.എന്നെക്കാൾ നാലിരട്ടി വലിപ്പമുള്ള പടുകൂറ്റൻ തോക്കുകൾ,
തലങ്ങും വിലങ്ങും ഘടാഘടിയൻ ബോഡി ഗാർഡ്സ് .
വരുന്നത് വരട്ടേന്ന് കരുതി മീശ ഒറ്റ വലി.
“അയ്യോ ന്റമ്മച്ചിയെ “ന്നും പറഞ്ഞു അടുത്ത് കിടന്ന വാവ വേദന കൊണ്ട് അലറിക്കരഞ്ഞു.
സമയം രാത്രി രണ്ടേ മുക്കാൽ!!
അവളുടെ പിപ്പിരി മുടി വീരപ്പന്റെ മീശയാക്കിയതും പോരാഞ്ഞ് ഭാവിയിൽ ഒരു കള്ളക്കടത്ത് സംഘത്തിലേക്കുള്ള സ്വപ്നഭാരത്തിന്റെ തീക്ഷ്ണതയിൽ ഞാനന്ന് അറിയാതെ ഉറങ്ങിപ്പോയി. അതേ വർഷം ഒക്ടോബർ പതിനെട്ടിന് വീരപ്പനെ തമിഴ്നാട് ദൗത്യസേന കൊലപ്പെടുത്തിയ ദിവസത്തെ മനോരമ പത്രത്തിന്റെ ആദ്യപേജിലെ വീരപ്പന്റെ വലിയ മുഖവും, മുത്തുലക്ഷ്മിയുമൊക്കെ മറക്കാത്ത ചിത്രങ്ങളായി. വീരപ്പൻ എന്ന പേരിനോട് എനിക്കെന്തോ ഇഷ്ടമുണ്ടായിരുന്നു. വീറും വാശിയുമുള്ളൊരു പേര്. ഭാവിയിൽ അധ്യാപികയായപ്പോഴും കോളേജിലെ ചില വീരന്മാരെ ഞാനാ പേര് വിളിക്കുമായിരുന്നു. അവരെന്റെ ഇരട്ടപ്പേര് വിളികളെ അഭിമാനപുരസരം സ്വീകരിക്കുകയും ചെയ്തു. ചിലരുടെ മരണങ്ങൾ എന്നെ നടുക്കാറുണ്ട്.
കലാഭവൻ മണിയെ ഒരിക്കൽ സ്വപ്നം കണ്ടു. അദ്ദേഹത്തിന്റെ വീട്ടിൽ പോയതും ഭക്ഷണം കഴിച്ചതും, ഭാര്യയോടും മകളോടും സംസാരിച്ചതും. പിറ്റേന്ന് രാവിലെ ഉറങ്ങി എഴുന്നേറ്റ് കലാഭവൻ മണിയുടെ വീട്ടിൽ പോയ കഥയൽപ്പം പൊലിപ്പിച്ച് പറയുമ്പോഴാണ് ടിവി യിൽ കലാഭവൻ മണിയുടെ മരണവാർത്ത നിറയുന്നത്. വീട്ടുകാർ എന്നെ പേടിയോടെ നോക്കി.
മരണം എപ്പോഴാണെന്ന് അറിയാൻ ജാതകത്തിലെ അവസാനപേജ് നോക്കിയാ മതിയെന്നു കുനഷ്ട് പറഞ്ഞു തന്നത് രേവതിയാണ്.
അന്ന് തന്നെയാണ് കെട്ടിപ്പൂട്ടി വെച്ച ജാതകത്തിന്റെ അവസാന ഏട് ആദ്യമായി തുറന്നു നോക്കിയത്.
അൻപത്തൊൻപതാമത്തെ വയസ്സും എഴുതിക്കഴിഞ്ഞ് എന്നോ കാലം ചെയ്ത പണിക്കരദ്ദേഹം
“ശേഷദെശാക്രമെണ സംയോജ്ജ്യം
ശ്രീ പരമ ഗുരവേ നമഃ
ശ്രീ ബാലസുബ്രഹ്‌മണ്യയ നമഃ”
എന്നെഴുതി ശുഭം വരച്ച് നിർത്തി.
മരണത്തെക്കുറിച്ചോർക്കുമ്പോഴാണ് ഞാനും അപകടകാരിയാവാറുള്ളത്. തുലാവർഷത്തിലെ ഇടിയിൽ വെന്ത് മരിക്കണമെന്നായിരുന്നു എങ്ങനെ മരിക്കണം എന്നതിനുള്ള എന്റെ ഉത്തരം. വെള്ളി വെളിച്ചങ്ങൾ വൈദ്യുതതരംഗങ്ങളായി മാറുന്ന ആകാശകാഴ്ച അത്രമേൽ പ്രിയമായതിനാൽ രാത്രിമഴയും നോക്കിയിരിക്കുന്ന ഒരു കുഞ്ഞുപെൺകുട്ടി ഉള്ളിലങ്ങനെ ഉറങ്ങാതിരിപ്പുണ്ട്. കൂട്ടുകാരുടെ പൊട്ടബുദ്ധിയിലൊക്കെ പോയി തലയിട്ട് പ്രാവർത്തികമാക്കാൻ ശ്രമിച്ചാലും ഒളിഞ്ഞും തെളിഞ്ഞും എല്ലാം മനസ്സിനെയങ്ങനെ രസിപ്പിക്കും..