Site iconSite icon Janayugom Online

‘ദഹാദ്’ പറയുന്ന കഥയിലെ ഇരകള്‍ ഇവിടെയുണ്ട്

രു കാലത്ത് കേരള കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളെ ഞെട്ടിച്ച സയനൈഡ് മോഹന്റെ ജീവിതം സീരിയലാകുമ്പോള്‍ നഷ്ട ജീവിതങ്ങളുടെ പൊരുള്‍ തേടുകയാണ് പെണ്‍കുട്ടികള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍. സീരിയല്‍ കില്ലറെ തേടുന്ന ഇന്‍വെസ്റ്റിഗേഷന്‍ സീരിസായാണ് ദഹാദ് കര്‍ണാടകയിലെ സയനൈഡ് മോഹന്‍ എന്ന സീരിയല്‍ കില്ലറുടെ കഥ പറയുന്നത്. രാജസ്ഥാനിലെ ചെറു പട്ടണമായ മാണ്ഡ്‌വ കേന്ദ്രീകരിച്ച് പുരോഗമിക്കുന്ന ദഹാദ് ആറു എപ്പിസോഡുകളിലാണ് പുറത്തിറങ്ങിയത്. 29 ഓളം സ്ത്രീകളെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലറും ഇയാളെ പിന്തുടരുന്ന മാണ്ഡ്‌വ സ്റ്റേഷനിലെ വനിത പൊലീസ് ഉദ്യോഗസ്ഥയുള്‍പ്പെടുന്ന അന്വേഷണ സംഘവുമാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇന്‍സ്പെക്ടര്‍ അഞ്ജലി ഭാട്ടിയായി സോനാക്ഷി സിന്‍ഹയും, എസ്എച്ച്ഒ ദേവി ലാല്‍ സിങ്ങായി ഗുല്‍ഷന്‍ ദേവയ്യയും ഇന്‍സ്പെക്ടര്‍ കൈലാഷ് പാര്‍ഗിയായി സൗഹം ഷായും വേഷമിടുന്നു. കില്ലറായ ആനന്ദ് സ്വര്‍ണകാറിനെ അജയ് വര്‍മ്മയും അവതരിപ്പിക്കുന്നു.

2004നും 2009നുമിടയില്‍ കര്‍ണാടകയിലും കേരളത്തിലുമായി കായികാധ്യാപകനായ മോഹന്‍ കൊലപ്പെടുത്തിയത് 22 സ്ത്രീകളെ. ഇയാളാണ് പിന്നീട് സയനൈഡ് മോഹന്‍ എന്ന പേരില്‍ അറിയപ്പെട്ടത്. ഉള്‍നാടന്‍ ഗ്രാമങ്ങളിലെ നിര്‍ധനരായ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വലയിലാക്കി വിവാഹം കഴിക്കാനെന്ന വ്യാജേന സ്വര്‍ണവും പണവുമായി എത്താന്‍ ആവശ്യപ്പെടുകയും പിന്നീട് ദിവസങ്ങളോളം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം ടൗണുകളില്‍ വച്ച് ഗര്‍ഭനിരോധന ഗുളികയെന്ന പേരില്‍ സയനൈഡ് നല്‍കുകയാണ് പതിവ്. പൊതുശൗചാലയങ്ങളില്‍ വച്ച് ഇത് കഴിക്കുന്ന പെണ്‍കുട്ടികള്‍ അവിടെ തന്നെ മരിച്ചു വീഴുകയാണ്. ഇതിനിടെ സ്വര്‍ണവും പണവുമായി മോഹന്‍ രക്ഷപ്പെടും. ഇതാണ് സയനൈഡ് മോഹന്റെ രീതി.

സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ ശേഷമാണ് സയനൈഡ് മോഹന്‍ പൊലീസിന്റെ കണ്ണില്‍പെടാതെ ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ച് കൊലപാതകം നടത്തിയത്. പൊതുശൗചാലയങ്ങളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു വീഴുന്ന പെണ്‍കുട്ടികളുടെ മൃതദേഹം പലപ്പോഴും അഞ്ജാത മൃതദേഹങ്ങളുടെ പട്ടികയില്‍ പെടുമായിരുന്നു. 2009 ജൂണ്‍ 17നു രാവിലെ കര്‍ണാടക ബണ്ട്വാള്‍ ബരിമാറിലെ ബീഡി തൊഴിലാളി അനിത മുള്യ എന്ന യുവതിയുടെ തിരോധാനം വര്‍ഗീയ കലാപത്തിന് തിരികൊളുത്തിയതോടെയാണ് പൊലീസ് ഉണര്‍ന്നത്. പ്രത്യേക അന്വേഷസംഘം രൂപീകരിക്കപ്പെട്ടു. 160 കിലോമീറ്റര്‍ അകലെയുള്ള ഹാസനിലെ ഇന്റര്‍സിറ്റി ബസ് സ്റ്റാന്‍ഡിലെ സ്ത്രീകളുടെ ടോയ്‌ലറ്റില്‍ നിന്ന് അനിതയുടെ മൃതദേഹം കണ്ടെത്തി. പിന്നാലെ മോഹന്‍ പിടിയിലുമായി. പൊലീസ് പിടിയിലായതിന് ശേഷം മോഹന്‍ പറഞ്ഞ കഥ കേട്ട് പൊലീസ് തന്നെ ഞെട്ടിപോയി. പ്രേതകഥയെ പോലും വെല്ലുന്ന ക്രൈംത്രില്ലറെന്നു തോന്നിപ്പിക്കുന്ന ജീവിതമായിരുന്നു മോഹന്റേത്.

ദഹാദ് ഇറങ്ങുന്നതിന് മുന്നോടിയായി മോഹന്റെ ഇരകളെ തേടി സഞ്ചരിച്ചപ്പോഴാണ് കാസര്‍കോട് ജില്ലയിലെ കാറഡുക്ക പഞ്ചായത്തിലെ കുണ്ടാറിലെ പുഷ്പാവതിയുടെ വീട്ടില്‍ എത്തിയത്. കൊല്ലപ്പെട്ട പുഷ്പാവതിയുടെ സഹോദരങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത് കരളലിയിപ്പിക്കുന്ന ജീവിത കഥയാണ്. കുടുംബത്തിലെ ഒരു പെണ്‍കുട്ടിയെ കൊലപ്പെടുത്തി എന്നു മാത്രമല്ല, അതുമൂലം ഒരു കുടുംബം തന്നെ ശിഥിലമാക്കുകയായിരുന്നു.

2009ല്‍ പുഷ്പാവതിക്ക് 22 വയസുള്ളപ്പോഴാണ് വീട്ടില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള സുള്ള്യ മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ ഹെല്‍പ്പറായി ജോലി കിട്ടിയത്. ഇവിടെ വച്ചാണ് മോഹനെ പുഷ്പാവതി പരിചയപ്പെടുന്നത്. പിന്നീട് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കയ്യിലുള്ള സ്വര്‍ണാഭരണങ്ങളും പണവുമായി വരാന്‍ മോഹന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2009 ജനുവരി ഒമ്പതിന് സുള്ള്യയിലുള്ള ചെന്നകേശവ ക്ഷേത്രത്തില്‍ പോകുന്നെന്ന് പറഞ്ഞ് ഇറങ്ങിയ പുഷ്പാവതിയെ പിന്നീട് ആരും കണ്ടില്ല. സഹോദരി യശോദ പലതവണ മൊബൈലില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. ഒടുവില്‍ ഫോണെടുത്തു. മറുതലയ്ക്കല്‍ പുരുഷശബ്ദം. പുഷ്പാവതിയെ താന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തെന്നും ഓഗസ്റ്റിലെ വിനായക ചതുര്‍ത്ഥിദിവസം സമ്മാനങ്ങളുമായി വീട്ടിലേക്കു വരാമെന്നുമാണ് അയാള്‍ പറഞ്ഞത്.

പുഷ്പാവതിക്ക് ഫോണ്‍ കൊടുക്കാന്‍ സഹോദരി യശോദ ആവശ്യപ്പെട്ടപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. സഹോദരിമാര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. അങ്ങനെയിരിക്കെയാണ് 2009 ഒക്ടോബര്‍ 17ന് ഒരു ദീപാവലി ദിനത്തില്‍ രാത്രി 12 മണിയോടെ കര്‍ണാടക പൊലീസിന്റെ ഒരു സംഘം കുണ്ടാറിലെ പുഷ്പാവതിയുടെ വീട് വളഞ്ഞ് അവരുടെ രണ്ട് സഹോദരിമാരെ കൊണ്ടുപോയി. ഇവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്നും അറിയാതെ ബന്ധുക്കള്‍ കേരള പൊലീസിന്റെ സഹായം തേടുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാള്‍ പൊലീസ് സ്റ്റേഷനിലേക്ക് അവരെ കൊണ്ടുപോയതെന്ന് മനസിലായത്. ബണ്ട്വാള്‍ ബരിമാറിലെ ബീഡി തൊഴിലാളി അനിത മുള്യ എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയ ഫോണ്‍ കുണ്ടാറിലെ പുഷ്പാവതിയുടെ അഡ്രസില്‍ ഉള്ളതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് സഹോദരിമാരെ തെറ്റിദ്ധരിച്ച് കര്‍ണാടക പൊലീസ് കൊണ്ടുപോയത്.

എന്നാല്‍ തങ്ങളുടെ സഹോദരി പുഷ്പാവതിയെ കാണാനില്ലെന്ന കാര്യം സഹോദരിമാര്‍ പൊലീസിനെ അറിയിച്ചതോടെയാണ് കൊലയാളി ഉപയോഗിച്ചത് പുഷ്പാവതിയുടെ ഫോണാണെന്ന് പൊലീസിന് മനസിലായത്. ഇതേ തുടര്‍ന്ന് സഹോദരിമാരെ വിട്ടയയ്ക്കുകയായിരുന്നു. ഇതിന് ശേഷം നാലു ദിവസം കഴിഞ്ഞ് ഒക്ടോബര്‍ 21നാണ് മംഗളൂരുവിനു സമീപത്ത് നിന്ന് ബണ്ട്വാള്‍ പൊലീസ് 46കാരനായ മോഹന്‍കുമാര്‍ എന്ന കായികാധ്യാപകനെ അറസ്റ്റ് ചെയ്യുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പുഷ്പാവതിയെ ബാംഗളൂരില്‍ വച്ച് കൊന്നതായി പൊലീസിന് വിവരം ലഭിക്കുന്നത്. ഈ വിവരം പുറത്തു വന്നതോടെ കുണ്ടാറിലെ ഈ കുടുംബം അക്ഷരാര്‍ത്ഥത്തില്‍ തകര്‍ക്കുകയായിരുന്നു. ഈ കുടുംബത്തിനെതിരെ ഒരു അപ്രഖ്യാപിത ഊരുവിലക്ക് തന്നെയുണ്ടായി. നാട്ടില്‍ ഒരു വിവാഹത്തിനോ ഗൃഹപ്രവേശത്തിനോ ആരും ഈ കുടുംബത്തെ ക്ഷണിക്കാതായി. പുഷ്പാവതി കൊല്ലപ്പെട്ടതിനുശേഷമുള്ള ഒമ്പതുവര്‍ഷങ്ങള്‍ക്കിടയില്‍ കല്യാണ പ്രായമായ മൂന്ന് പെണ്‍കുട്ടികള്‍ ഉണ്ടായിട്ടും ഒരു കല്യാണ ആലോചന പോലും ഈ വീട്ടിലേക്ക് വന്നില്ല. 2018ലാണ് മൂന്നു സഹോദരിമാരുടെയും വിവാഹം നടക്കുന്നത്. എന്നാല്‍ നാട്ടുകാര്‍ പഴയതുപോലെ ഞങ്ങളെ ഇപ്പോള്‍ ഒറ്റപ്പെടുത്താറില്ല, വിവാഹം പോലുള്ള ആഘോഷങ്ങളില്‍ ക്ഷണിക്കാറുണ്ട്. അത്രയും ആശ്വാസമെന്ന് പുഷ്പാവതിയുടെ സഹോദരി ലോലാക്ഷി പറയുന്നു.

Eng­lish Sam­mury: sto­ry of Cyanide Mohan-Here are the vic­tims of the sto­ry told by ‘Dahad’

Exit mobile version