Site iconSite icon Janayugom Online

‘സ്ട്രേഞ്ചർ തിങ്‌സ് 5’ റിലീസ് തീയതികൾ പ്രഖ്യാപിച്ചു; പുതിയ പ്രൊമോ പുറത്ത് വിട്ട് നെറ്റ്ഫ്ലിക്സ്

ലോകമെമ്പാടുമുള്ള ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന നെറ്റ്ഫ്ലിക്സ് പരമ്പര ‘സ്ട്രേഞ്ചർ തിങ്‌സ്’ അഞ്ചാം സീസണിന്റെ റിലീസ് തീയതികൾ പ്രഖ്യാപിച്ചു. മൂന്ന് ഭാഗങ്ങളായി നവംബർ മുതൽ ജനുവരി വരെയായിരിക്കും പരമ്പരയുടെ അവസാന സീസൺ പ്രേക്ഷകരിലേക്ക് എത്തുക. പുതിയ പ്രൊമോ പുറത്തുവിട്ടുകൊണ്ടാണ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപനം നടത്തിയത്. “പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ല. ‘സ്ട്രേഞ്ചർ തിങ്‌സിന്റെ’ ഐതിഹാസിക സമാപനത്തിനായി തയ്യാറെടുക്കുക,” എന്ന് പ്രൊമോ പങ്കുവെച്ചുകൊണ്ട് നെറ്റ്ഫ്ലിക്സ് കുറിച്ചു. ആദ്യ വോളിയം 2025 നവംബർ 27‑ന് രാവിലെ ഇന്ത്യൻ സമയം 5.30‑ന് റിലീസ് ചെയ്യും. തുടർന്ന് രണ്ടാം വോളിയം 2025 ഡിസംബർ 26‑ന് രാവിലെ 5.30‑നും അവസാന വോളിയം 2026 ജനുവരി 1‑ന് രാവിലെ 5.30‑നും ആകും റിലീസ് ചെയ്യുക. 

2024 നവംബറിൽ തന്നെ നെറ്റ്ഫ്ലിക്സ് അഞ്ചാം സീസണിലെ എപ്പിസോഡ് തലക്കെട്ടുകൾ പ്രഖ്യാപിച്ചിരുന്നു. ‘ദി ക്രോൾ’, ‘ദി വാനിഷിംഗ് ഓഫ്’, ‘ദി ടേൺബോ ട്രെപ്പ്’, ‘സോഴ്സറർ’, ‘ഷോക്ക് ജോക്ക്’, ‘എസ്കേപ്പ് ഫ്രം കമാസോട്ട്സ്’, ‘ദി ബ്രിഡ്ജ്’, ‘ദി റൈറ്റ്സൈഡ് അപ്പ്’ എന്നിങ്ങനെയാണ് എപ്പിസോഡുകളുടെ പേരുകൾ. ഡഫർ ബ്രദേഴ്സാണ് ഈ പരമ്പരയുടെ സൃഷ്ടാക്കൾ. സ്ട്രേഞ്ചർ തിങ്‌സിന്റെ ആദ്യ സീസൺ 2016‑ൽ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങി. തുടർന്ന് രണ്ടും മൂന്നും സീസണുകൾ യഥാക്രമം 2017 ലും 2019 ലും എത്തി. നാലാം സീസൺ 2022 മെയ്, ജൂലൈ മാസങ്ങളിലായി രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്തത്. ഡേവിഡ് ഹാർബർ, ഗാറ്റൻ മാറ്റാരാസോ, കാലെബ് മക്ലൗലിൻ, നതാലിയ ഡയർ, ചാർളി ഹീറ്റൺ, കാര ബുവോനോ, മാത്യു മോഡൈൻ, സാഡി സിങ്ക്, ജോ കീറി, ഡേക്ര മോണ്ട്ഗോമറി, ഷോൺ ആസ്റ്റിൻ, പോൾ റൈസർ, മായ ഹോക്ക് എന്നിവരുൾപ്പെടെ നിരവധി താരങ്ങൾ ഈ പരമ്പരയിൽ അഭിനയിക്കുന്നുണ്ട്.

Exit mobile version