Site iconSite icon Janayugom Online

തെരുവുനായ ആക്രമണം: രണ്ടു വയസ്സുകാരിയുടെ മുഖത്തും കണ്ണിനും ​ഗുരുതര പരിക്ക്

മഹാരാഷ്ട്രയിലെ അഹല്യാനഗറിൽ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. ഓൾഡ് മംഗൾ ബസാറിലെ ഡയമണ്ട് ഗല്ലിയിൽ ബുധനാഴ്ചയാണ് സംഭവം. സിദ്ര ഇസ്രാർ ഷെയ്ഖ് എന്ന പെൺകുട്ടിക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
കുട്ടിയുടെ ചുണ്ട്, കവിൾ, കണ്ണ് എന്നിവിടങ്ങളിൽ ആഴത്തിലുള്ള മുറിവേറ്റു. വീടിന് മുന്നിലെ റോഡിലൂടെ നടന്നുപോവുകയായിരുന്ന കുട്ടിയെ പെട്ടെന്ന് ഓടിയെത്തിയ നായ ആക്രമിക്കുകയായിരുന്നു. നായ കുട്ടിയെ കടിച്ചു വലിക്കുന്നത് കണ്ട് വീട്ടിൽ നിന്നും ഓടിയിറങ്ങിയ സ്ത്രീയാണ് രക്ഷയ്ക്കായെത്തിയത്. ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടി ചികിത്സയിലാണ്.

പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി മുൻസിപ്പൽ ഭരണകൂടത്തിന് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാരും പ്രാദേശിക കോർപ്പറേറ്ററും ആരോപിച്ചു. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമായതെന്നും അവർ കുറ്റപ്പെടുത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. 

Exit mobile version