കോഴിക്കോട് ചെക്ക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരിൽ വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർഥിനിക്ക് നേരെ തെരുവുനായക്കള്‍ പാഞ്ഞടുത്തു. വിദ്യാർഥിനി രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ഉമ്മത്തൂർ തൊടുവയിൽ അലിയുടെ പത്താം ക്ലാസിൽ പഠിക്കുന്ന മകൾ സജ ഫാത്തിമക്ക് നേരെയാണ് തെരുവുനായകൾ കുരച്ചെത്തിയത്. സ്കൂൾ വാഹനത്തിൽ വീടിന് മുന്നിൽ ഇറങ്ങിയ ശേഷം വീട്ടിലേക്ക് കയറാൻ ഗേറ്റ് തുറന്നപ്പോൾ, വീട്ടുമുറ്റത്ത് നിലയുറപ്പിച്ച അഞ്ചോളം തെരുവ് നായകൾ വിദ്യാർഥിനിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ഇതോടെ പെൺകുട്ടി തുറന്ന ഗേറ്റ് അടച്ച് അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ്. ആക്രമണത്തിന് ഇരയാകുന്നത് കൂടുതലും വിദ്യാർഥികളാണ്. കഴിഞ്ഞ ഒരു മാസത്തിടെ ചെക്യാട് പഞ്ചായത്തിൽ പതിനഞ്ചോളം പേരെയാണ് തെരുവ് നായകൾ ആക്രമിച്ചത്. കോഴിക്കോട് ദിവസങ്ങൾക്ക് മുമ്പ് നാദാപുരത്ത് സ്കൂൾ വിദ്യാർഥിനികൾക്ക് നേരേ തെരുവുനായകളുടെ ആക്രമണമുണ്ടായി. ബാഗും, കുടയും കൊണ്ട് പ്രതിരോധിച്ചാണ് വിദ്യാർഥിനികൾ അന്ന് രക്ഷപ്പെട്ടത്.

