ഇൻഫോസിസിന് സമീപം കുളത്തൂർ തമ്പുരാൻമുക്കില്‍ തെരുവുനായ ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ചികിത്സ തേടി. സമീപത്തെ കെട്ടിട നിർമ്മാണ സാധനങ്ങൾ വിൽക്കുന്ന സെന്ററിലെ ജീവനക്കാരൻ തുളസീധരൻ (55), പുല്ലുകാട് സെറ്റിൽമെന്റ് കോളനി സ്വദേശി കണ്ണൻ (40) ഉൾപ്പെടെ നാല് സ്ഥലവാസികള്‍ക്കും 7 കാൽനട യാത്രക്കാര്‍ക്കുമാണ് തെരുവ്നായ ആക്രമണത്തില്‍ പരിക്കേറ്റത്.
കൂടാതെ നിരവധി നായ്ക്കളെയും വളർത്തുമൃഗങ്ങളെയും നായ ആക്രമിച്ചു. സമീപത്തെ സംസം ഹോട്ടലിന് മുന്നിൽ കിടക്കുന്ന നിരവധി തെരുവുനായ്ക്കളിൽ ഒന്നാണ് ആക്രമിച്ചത്. ഹോട്ടലിൽ നിന്നുള്ള വേസ്റ്റുകൾ പരസ്യമായി നൽകുന്നതിനാൽ ഇവിടെ നായ്ക്കൾ കൂട്ടമായി തമ്പടിക്കുക പതിവാണ്. നിരവധി തവണ നാട്ടുകാർ ഇതിനെതിരെ പരാതിപ്പെട്ടിട്ടും നഗരസഭ ആറ്റിപ്ര സോണലിലെ ആരോഗ്യ വിഭാഗം നടപടികളെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. പരാതിയെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി നായ്ക്കളെ പിടികൂടി. പിടികൂടിയ നായയെ ഷെൽട്ടറിൽ പാർപ്പിച്ച് നിരീക്ഷിക്കും. നായയ്ക്ക് മരണം സംഭവിച്ചാൽ മാത്രമേ പേവിഷബാധ സ്ഥീരികരിക്കാനാകൂ. മാത്രമല്ല പാലോട് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസ് ലബോറട്ടറിയിൽ പരിശോധന നടത്തിയാൽ മാത്രമേ പേവിഷബാധ സ്ഥിരീകരിക്കാനാകൂവെന്നും ആരോഗ്യ പ്രവർത്തകർ പറഞ്ഞു.

