തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയില്‍ ഹര്‍ജി. പ്രിയങ്ക റായ് എന്ന യുവതിയാണ് കോടതിയെ സമീപിച്ചത്. ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഈ തുക നൽകണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. പഞ്ചാബ്-ഹരിയാന ഹൈക്കോടതി 2023ൽ പുറപ്പെടുവിച്ച വിധിയിൽ മുന്നോട്ട് വെച്ച ഒരു ഫോർമുല ആധാരമാക്കിയാണ് ഹർജിക്കാരി നഷ്ടപരിഹാരത്തുക കണക്കാക്കിയിരിക്കുന്നത്.
നായ് കടിച്ചപ്പോൾ എത്ര പല്ലുകൾ ഇറങ്ങിയാണ് മുറിവേറ്റതെന്നും, മാംസം കടിച്ചെടുത്തിട്ടുണ്ടോ എന്നതും കണക്കിലെടുത്ത് നഷ്ടപരിഹാരം നിർണ്ണയിക്കണമെന്നായിരുന്നു ആ കോടതി ഉത്തരവിലെ നിർദ്ദേശം. ഇതനുസരിച്ച് തൻ്റെ 12 സെൻ്റിമീറ്റർ വലുപ്പമുള്ള മുറിവിന് 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹർജിക്കാരി പറയുന്നു. നായയുടെ ഒരു പല്ല് ഇറങ്ങിയാൽ 10,000 രൂപ കണക്കാക്കുമ്പോൾ, തനിക്കേറ്റ മുറിവിൽ നായയുടെ 42 പല്ലുകൾ ഇറങ്ങിയെന്നും ആ വകയിൽ 4.2 ലക്ഷം രൂപ വരുമെന്നുമാണ് ഇവരുടെ അവകാശവാദം. തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടിന് 3.8 ലക്ഷം രൂപയും കണക്കാക്കിയാണ് മൊത്തം നഷ്ടപരിഹാര തുക 20 ലക്ഷത്തിൽ എത്തിച്ചിരിക്കുന്നത്.

