Site iconSite icon Janayugom Online

‘സ്ട്രീറ്റ്’ ഗ്രാമീണ ടൂറിസം പദ്ധതി വിജയത്തിലേയ്ക്ക്

പരമ്പരാഗത ജീവിതരീതികൾക്കും ഗ്രാമീണ വിനോദസഞ്ചാരത്തിനും പ്രാധാന്യം നൽകുന്ന ‘സ്ട്രീറ്റ്’ ടൂറിസം പദ്ധതി വിജയത്തിലേയ്ക്ക്. ലോക ടൂറിസം ഓർഗനൈസേഷന്റെ (യുഎൻഡബ്ല്യുടിഒ) ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത് എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 10 കേന്ദ്രങ്ങളിലാണ് പദ്ധതി നടക്കുന്നത്.
ഒന്നാംഘട്ടം എല്ലാ സ്ഥലങ്ങളിലും വിജയകരമായി പൂർത്തിയായതിനെ തുടർന്ന് പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭരണാനുമതിയ്ക്കായി കാത്തിരിക്കുകയാണെന്ന് ഉത്തരവാദിത്വ ടൂറിസം മിഷൻ സംസ്ഥാന കോ ഓർഡിനേറ്റർ കെ രൂപേഷ്കുമാർ പറഞ്ഞു.

സസ്റ്റൈനബിൾ, ടാഞ്ചിബിൾ, റെസ്പോൺസിബിൾ, എക്സ്പീരിയൻഷ്യൽ, എത്നിക്, ടൂറിസം ഹബ്സ് എന്നതിന്റെ ചുരുക്കെഴുത്താണ് സ്ട്രീറ്റ്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് പദ്ധതി. തദ്ദേശസ്ഥാപനങ്ങൾക്കും തദ്ദേശവാസികൾക്കും വിനോദസഞ്ചാരത്തിൽ മുഖ്യപങ്ക് വഹിക്കാനാകും വിധമാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ ഇത് നടപ്പാക്കുന്നത്. കടലുണ്ടി, തൃത്താല, പട്ടിത്തറ, പിണറായി, അഞ്ചരക്കണ്ടി, മറവൻതുരുത്ത്, മാഞ്ചിറ, വലിയപറമ്പ, കാന്തല്ലൂർ, ചേകാടി എന്നിവയാണ് കേന്ദ്രങ്ങൾ.

നാലുവർഷമാണ് പദ്ധതി നിർവഹണ കാലയളവ്. പദ്ധതിയുടെ ഭാഗമായി വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെടുത്താൻ ഉതകുന്ന 1000 തദ്ദേശീയ യൂണിറ്റ് രൂപീകരിക്കും. വനിതകളുടെയും പാർശ്വവൽകൃത ജനവിഭാഗങ്ങളുടെയും കാർഷിക വിനോദസഞ്ചാരങ്ങളുടെയും പ്രവർത്തനങ്ങൾ പദ്ധതിയിൽ ഉണ്ട്. വിനോദസഞ്ചാര പ്രവർത്തനം ആരംഭിക്കാത്ത പ്രദേശങ്ങൾ, അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സാമീപ്യമുള്ള പ്രദേശങ്ങൾ, മികച്ച കേന്ദ്രങ്ങളായി മാറ്റാൻ കഴിയുന്ന ചെറിയ പ്രദേശങ്ങൾ എന്നിങ്ങനെയാണ് പദ്ധതി പ്രദേശങ്ങളെ തരംതിരിച്ചിട്ടുള്ളത്.

ഓരോ പദ്ധതി പ്രദേശത്തും സാധ്യതയ്ക്കനുസരിച്ച് ഗ്രീൻ, കൾച്ചറൽ, എത്നിക് ക്യുസീൻഫുഡ്, വില്ലേജ് ലൈഫ് എക്സ്പീരിയൻസ് എക്സ്പീരിയൻഷ്യൽ, അഗ്രി, വാട്ടർ, ആർട്ട് എന്നിങ്ങനെ വിവിധ സ്ട്രീറ്റുകൾ നിലവിൽവന്നിട്ടുണ്ട്. സ്ട്രീറ്റ് പദ്ധതിയിൽ മറവൻതുരുത്തിൽ വലിയമാറ്റം പ്രകടമാണ്. മറവൻതുരുത്തിന് ഇതിനകം ഗ്ലോബൽ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. അതിമനോഹരങ്ങളായ ഫ്രൂട്ട് സ്ട്രീറ്റുകൾ നിലവിൽ വന്നു. ഫ്ലവർ സ്ട്രീറ്റ് ഉടൻ വരും.

Eng­lish Sum­ma­ry: ‘Street’ Rur­al Tourism Project
You may also like this video

Exit mobile version