Site iconSite icon Janayugom Online

തൊഴിലിടങ്ങളിലെ സമ്മർദം അറിയണം ചിലതെല്ലാം

മാനസികാരോഗ്യത്തിന് വർത്തമാന കാലഘട്ടത്തിൽ ഉള്ള പ്രാധാന്യം ഒരിക്കലും നിസ്സാരമല്ല. ഓരോ മനുഷ്യരിലും സമ്മർദവും ഉത്കണ്ഠയും വിഷാദവും അകാരണമായി കൂടിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും മാനസികാരോഗ്യത്തെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല എന്നതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നത്. ‘തൊഴിലിടങ്ങളിൽ മാനസികാരോഗ്യം ഉറപ്പാക്കേണ്ടത് അനിവാര്യം’ 2024ലെ മാനസികാരോഗ്യ ദിനാശയം ഇങ്ങനെ ചേർന്നതായിരുന്നു. പലപ്പോഴും മാനസികാരോഗ്യം ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന ഒരു സ്ഥലമാണ് തൊഴിലിടം. ജോലിസമ്മർദത്തെ തുടർന്ന് മലയാളിയായ ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ മരിച്ചതോടെയാണ് ഇക്കാര്യങ്ങളിൽ കൂടുതൽ ഗൗരവമായ ചർച്ചകൾക്ക് വഴിയൊരുങ്ങിയത്. ഏൺസ്റ്റ് ആന്റ് യങ് ഇന്ത്യയിലെ (ഇവൈ) പുണെ ഓഫിസിലായിരുന്നു അന്ന ജോലി ചെയ്തിരുന്നത്. അമിത ജോലിഭാരംമൂലമാണ് അന്ന മരിച്ചതെന്നു കാണിച്ച് അമ്മ ഇവൈ ഇന്ത്യ ചെയർമാൻ രാജീവ് മേമനിക്ക് കത്തെഴുതിയതോടെയാണ് വിഷയം പുറത്തുവന്നത്. 

സമ്മർദം വർധിക്കുമ്പോൾ ഒരു വ്യക്തിയുടെ ശരീരത്തിൽ കോർട്ടിസോളിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷിയെ നശിപ്പിക്കുന്നു. ഇത് ശരീരത്തിലും ചിന്താശേഷിയിലും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ജിമ്മിലും മറ്റും പോയി ബോഡി ബിൽഡിങ് നടത്തുന്നവരിൽ സമ്മർദമുണ്ടാവില്ല എന്ന ചിന്ത പലപ്പോഴും ഉണ്ട്. എന്നാൽ ഇത് തെറ്റായ ഒരു കാര്യമാണ്. എന്നാൽ ഫേഷ്യൽയോഗ ഉൾപ്പെടെയുള്ള റിലാക്സേഷൻ മാർഗങ്ങൾ സമ്മർദം കുറയ്ക്കാൻ ഉപകരിക്കും. ദുരന്ത വാർത്തകളും മാനസികാരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു. പലപ്പോഴും നമുക്ക് അടുത്ത സമയം എന്ത് സംഭവിക്കും എന്ന ആശങ്കയും ഉത്കണ്ഠയും ഇത് പലരിലും സൃഷ്ടിച്ചെടുക്കും. ദൃശ്യമാധ്യമങ്ങൾ കുട്ടികൾ ഉൾപ്പടെയുള്ളവരുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിക്കപ്പെടുന്നയിടങ്ങളിൽ വയ്ക്കരുത് എന്ന് പറയുന്നതിനു പിന്നിൽ ഇതാണ് കാരണം. തീവ്രത കൂടുതലുള്ള കാര്യങ്ങൾ കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന തലങ്ങളിലേക്ക് എത്തിയേക്കാം. 

തൊഴിലിടത്തെ സമ്മർദം പ്രതിരോധിക്കാൻ സാധിക്കാതെ വരുമ്പോഴാണ് പലരും ‘ബേണ്‍ ഔട്ട്’ എന്ന അവസ്ഥയിലേക്ക് എത്തുന്നത്. തനിക്ക് എത്തിപ്പിടിക്കാൻ സാധിക്കാത്ത തരത്തിലേക്ക് പലപ്പോഴും ലക്ഷ്യങ്ങളും ജോലിസമയവും മാറുമ്പോഴാണ് ഇത്തരം ചിന്തയിലേക്ക് പലരും പോവുന്നത്. ജോലിയും വ്യക്തിജീവിതവും സന്തുലിതമായി നിലനിർത്തിക്കൊണ്ട് പോവാൻ പറ്റാതെ വരുമ്പോഴും ആളുകൾ മോശം ചിന്തയിലേക്ക് പോവുന്നു. കുടുംബവും ജോലിയും ബാലൻസ് ചെയ്ത് കൊണ്ട് പോവുന്നതിന് കഴിയണം എന്നതാണ് ഇതിലെ പ്രധാന കാര്യം. അതിൽ പരാജയപ്പെടുമ്പോഴാണ് പലരും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നത്. സമ്മർദം കരുതും പോലെ നിസാരമല്ല; ശരീരത്തിന്റെ ഓരോ ഭാഗത്തേയും തകരാറിലാക്കും. ജോലിസ്ഥലത്തെ സമ്മർദത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ആദ്യം വേണ്ടത് തനിക്ക് സമ്മർദമുണ്ട് എന്ന് തുറന്ന് പറയുന്ന തരത്തിൽ ഇടപെടാവുന്ന മേലുദ്യോഗസ്ഥരുണ്ടായിരിക്കുക എന്നതാണ്. ക്യാമ്പയിനുകൾ സംഘടിപ്പിക്കുക, തുറന്ന് സംസാരിക്കാൻ അവസരം ഒരുക്കുക, ഒരു കൗൺസിലറെ നിയമിക്കുക തുടങ്ങി നിരവധി കാര്യങ്ങൾ ക്രമീകരിക്കാവുന്നതാണ്. 

മാനസികാരോഗ്യം ഉറപ്പ് വരുത്തുന്നതിന് വേണ്ടി ആരോഗ്യപരമായ മാറ്റങ്ങളും വരുത്തേണ്ടതാണ്. അതിൽ ബ്രേക്ക്ഫാസ്റ്റ് വളരെ പ്രധാനപ്പെട്ടതാണ്. ചുരുങ്ങിയത് ഒരു മുട്ടയെങ്കിലും കഴിക്കാവുന്നതാണ്. മുടി കൊഴിച്ചിലും സമ്മർദവും തമ്മിൽ ബന്ധമുണ്ടെന്ന് ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പഠനങ്ങളും പറയുന്നു. കൂടാതെ ജോലിയിൽ രാവിലെ എന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഈ സമയം നല്ല രീതിയിൽ തന്നെ ജോലിയിലേക്ക് പ്രവേശിക്കുന്നതിനും സാധിക്കണം. ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെയും ആ ദിവസത്തേയും സ്വാധീനിക്കുന്നു. നല്ല ഉറക്കവും പ്രധാനമാണ്. ചുരുങ്ങിയത് ഏഴു മണിക്കൂറെങ്കിലും ആരോഗ്യകരമായ ഉറക്കം അനിവാര്യമാണ്. 

Exit mobile version