Site iconSite icon Janayugom Online

മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി

മാലിന്യ പ്രശ്നത്തിൽ സർക്കാർ നടപടികൾ കൂടുതൽ കർശനമാക്കിയതായി തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു. അനധികൃതമായി മാലിന്യം ശേഖരിച്ച് പൊതുസ്ഥലത്ത് തള്ളുന്ന ഏജൻസികൾക്കെതിരെ സംസ്ഥാന വ്യാപകമായി നടപടി സ്വീകരിക്കും. തിരുവനന്തപുരത്ത് ഇത്തരക്കാരെ യുദ്ധകാലാടിസ്ഥാനത്തിൽ പിടികൂടാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്. വൻതോതിൽ മാലിന്യം സൃഷ്ടിക്കുന്ന സ്ഥാപനങ്ങളെ പ്രത്യേകം നിരീക്ഷിക്കും.

പൊലീസിന്റെ സഹകരണം കൂടി ഉറപ്പാക്കിക്കൊണ്ടായിരിക്കും നടപടികൾ. തിരുവനന്തപുരത്ത് രാത്രിയിലുൾപ്പെടെ നഗരസഭയുടെയും പൊലീസിന്റെയും പ്രത്യേക സംഘങ്ങൾ പട്രോളിങ് നടത്തും. മാലിന്യ പ്രശ്നത്തിലെ കേസുകളിൽ ഒരു വിട്ടുവീഴ്ചയും ആരോടും കാട്ടില്ലെന്നും ഒരു സമ്മർദത്തിനും വഴങ്ങില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ച ഒമ്പത് വാഹനങ്ങള്‍ പിടികൂടുകയും 45,090 രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

അനധികൃത ഏജൻസികൾക്ക് മാലിന്യം കൈമാറുന്നവരെയും നഗരസഭ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരക്കാർക്കെതിരെയും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. തിരുവല്ല നഗരസഭാ സ്റ്റേഡിയം പരിസരത്ത് മാലിന്യം കുന്നുകൂട്ടിയിട്ട സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രി എം ബി രാജേഷ് അറിയിച്ചു.

Eng­lish Sum­ma­ry: Strict action against those who dump waste

You may also like this video

Exit mobile version