Site iconSite icon Janayugom Online

ഗതാഗതനിയമങ്ങൾ ലംഘിക്കുന്നതിനെതിരെ കർശന നടപടി വേണം: ഹൈക്കോടതി

ഗതാഗതനിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശിക്കുന്ന മുൻ ഉത്തരവ് കർശനമായി നടപ്പാക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. ഗതാഗത കമ്മീഷണർ ജില്ലാ പൊലീസ് മേധാവികൾവഴി ഉത്തരവ് നടപ്പാക്കണം. നിയമലംഘകർക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കണം. വാഹന അപകടങ്ങളുമായി ബന്ധപ്പെട്ടു സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രനും പി ജി അജിത്കുമാറും അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. 

ആയിരക്കണക്കിനു വാട്ട്സ് വരുന്ന ഹൈ പവർ ഓഡിയോ സിസ്റ്റത്തിൽനിന്നുള്ള ശബ്ദം ഡ്രൈവറുടെയും യാത്രക്കാരുടെയും കേൾവിയെ തടസ്സപ്പെടുത്തുമെന്നു മാത്രമല്ല, മറ്റു ഡ്രൈവർമാരുടെ ശ്രദ്ധ തിരിയാൻ കാരണമാവുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സംവിധാനത്തിനു വേണ്ടി എസിയും ഡിസിയും ചേർത്ത് ഉപയോഗിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങൾക്കു വിരുദ്ധമാണ്. ഇതു യാത്രക്കാർക്ക് അപകട സാധ്യതയുണ്ടാക്കുമെന്ന് കോടതി പറഞ്ഞു. 

ഹൈ പവർ ഓഡിയോ സിസ്റ്റവും നിരന്തരം ചലിക്കുന്നതും മിന്നുന്നതും ബഹു വർണത്തിൽ ഉള്ളതുമായ എൽഇഡി/ലേസർ ലൈറ്റുകൾ ഉപയോഗിക്കുന്നതും നിയമ വിരുദ്ധമാണ്. ഇത്തരം വാഹനങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് അർഹമല്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം സംവിധാനങ്ങൾ ഉള്ളതും മാനദണ്ഡങ്ങൾക്കു വിരുദ്ധമായി തുളച്ചുകയറുന്ന ശബ്ദമുള്ള ഹോൺ ഉപയോഗിക്കുന്നതുമായ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിനും പൊലീസിനും കോടതി നിർദേശം നൽകി. 

യാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും ശല്യമുണ്ടാക്കുംവിധം ഉച്ചത്തിൽ ഹോൺ മുഴക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ കോടതി നിർദേശിച്ചു. പൊലീസ് ലൈസൻസ് പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പിന് കൈമാറണം. ചട്ടങ്ങൾ ലംഘിച്ച് ലൈറ്റുകളും റിഫ്ലക്ടറുകളും ഘടിപ്പിക്കുന്ന കോൺട്രാക്ട് ക്യാരേജുകൾ അടക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കണം. നിയമലംഘനങ്ങൾ അറിയിക്കുന്നതിന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് നമ്പർ മാധ്യമങ്ങളിൽ നൽകാൻ ഗതാഗത കമ്മീഷണറോട് കോടതി നിർദേശിച്ചു. 

Eng­lish Summary:Strict action should be tak­en against vio­la­tors of traf­fic rules: High Court
You may also like this video

Exit mobile version