Site iconSite icon Janayugom Online

പന്നിയങ്കര ടോള്‍ ഗേറ്റിലെ സമരം അവസാനിച്ചു; പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കില്ല

പന്നിയങ്കര ടോള്‍ ഗേറ്റില്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കില്ലെന്ന കരാര്‍ കമ്പനി ഉറപ്പ് നല്‍കിയതോടെ സമരസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചു. പ്രദേശവാസികള്‍ക്ക് ഇന്നു മുതല്‍ സൗജന്യ യാത്ര അനുവദിക്കില്ലെന്ന് കരാര്‍ കമ്പനി പ്രഖ്യാപിച്ചതോടെയാണ് ഇന്നു രാവിലെ മുതല്‍ മൂന്നു ടോള്‍ ഗേറ്റുകള്‍ അടച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചത്. 25 പേരില്‍ തുടങ്ങിയ സമരം 250 പേരിലേക്ക് എത്തിയതോടെ പ്രശ്‌നം പരിഹരിയ്ക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. പന്നിയങ്കരയില്‍ ഇന്ന് മുതല്‍ എല്ലാവരും ടോള്‍ നല്‍കണമെന്ന നിലപാടിലായിരുന്നു കമ്പനി. അന്തിമ തീരുമാനമാകുന്നതിന് മുമ്പ് പന്നിയങ്കരയില്‍ ടോള്‍ പിരിക്കാന്‍ കരാര്‍ കമ്പനി തീരുമാനിച്ചതോടെയാണ് പ്രതിഷേധത്തിനിടയാക്കിയത്.

വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ബസ് ഉടമ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ഇന്നലെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നെങ്കിലും പ്രദേശവാസികള്‍ ടോള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമായിരുന്നില്ല. രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കുമെന്നാണ് ടോള്‍ കമ്പനി അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും ഇന്ന് മുതല്‍ ടോള്‍ പിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.  സ്വകാര്യ ബസുകള്‍ക്കും ടിപ്പര്‍ ലോറികള്‍ക്കും ഇളവ് നല്‍കില്ലെന്ന നിലപാടിലായിരുന്നു കരാര്‍ കമ്പനി.

ടിപ്പര്‍ ലോറികളും ടോള്‍ പ്ലാസയില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിച്ചു. ഒരു തവണ കടന്നു പോകുന്നതിന് 650 രൂപ നല്‍കാനാവില്ലെന്ന നിലപാടിലാണ് ഉടമകള്‍. വലിയ പ്രതിഷേധം കണക്കിലെടുത്ത് ടോള്‍ പ്ലാസയ്ക്ക് സമീപം കൂടുതല്‍ പൊലീസിനെ നിയോഗിച്ചു. കഴിഞ്ഞ മാര്‍ച്ച് ഒമ്പതാം തീയതി മുതലാണ് പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് തുടങ്ങിയത്. രാവിലെ 6.30ന് തുടങ്ങിയ പ്രതിഷേധം 9.30ന് സമാപിച്ചു. സമരക്കാര്‍ റോഡ് ഉപരോധിച്ചതോടെ വാഹനങ്ങളുടെ നീണ്ട നിരപ്രത്യക്ഷപ്പെട്ടതോടെ പൊലീസ് ടോള്‍ഗേറ്റിലെത്തി എല്ലാ വാഹനങ്ങളും കടത്തി വിടുകയായിരുന്നു.

Eng­lish sum­ma­ry; Strike ends at Pan­niyankara toll gate; Toll will not be col­lect­ed from locals

You may also like this video;

Exit mobile version