Site iconSite icon Janayugom Online

ജീവനക്കാരുടെ സമരം; ലുവ്രെ മൂസിയം വീണ്ടും അടച്ചു

ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ചരിത്ര പ്രസിദ്ധമായ പാരിസിലെ ലുവ്രെ മ്യൂസിയം വീണ്ടും അടച്ചു. ഒക്ടോബറില്‍ മ്യൂസിയത്തില്‍ നടന്ന മോഷണത്തില്‍ കോടിക്കണക്കിന് രൂപ വില വരുന്ന ചരിത്രപ്രാധാന്യമുള്ള വസ്തുവകകള്‍ നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ അപര്യാപ്ത, അടിസ്ഥാന സൗകര്യമില്ലായ്മ, മനേജുമെന്റിന്റെ തെറ്റായ തീരുമാനങ്ങള്‍ എന്നിവ ചൂണ്ടിക്കാണിച്ച് സമരം ആരംഭിച്ചത്. തിങ്കളാഴ്ച മ്യൂസിയം ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിച്ചത്. മ്യൂസിയം സന്ദര്‍ശിക്കാനാകാതെ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് മടങ്ങിയത്. സാധാരണ ചൊവ്വാഴ്ചകളില്‍ മ്യൂസിയം അവധിയാണ്. ബുധനാഴ്ചയും സമരം തുടരാനാണ് യൂണിയന്റെ തീരുമാനം. 

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മ്യൂസിയം അടച്ചിടാനാണ് തീരുമാനം. പൂര്‍ണമായും അടച്ചിടുമോ എന്നതില്‍ വ്യക്തതയില്ല. ഗാലറികള്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കാനുള്ള ജീവനക്കാരുണ്ടെങ്കില്‍ മാത്രമേ സന്ദര്‍ശകര്‍ക്കായി തുറക്കാന്‍ കഴിയുവെന്ന നിലപാടിലാണ് മാനേജ്മെന്റ്. സമരം പിന്‍വലിക്കുന്നത് സംബന്ധിച്ച് സാംസ്കാരിക മന്ത്രാലയം യൂണിയനുമായി ചര്‍ച്ച നടത്തിയിരുന്നു. അടുത്ത വര്‍ഷത്തെ ബജറ്റില്‍ നിന്ന് 6.7 മില്യണ്‍ ഡോളര്‍ റദ്ദാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണം, ഗാലറി ഗാര്‍ഡ് ഉള്‍പ്പെടെയുള്ള തസ്തികകളിലേക്ക് കൂടുതല്‍ നിയമനം നടത്തണം, ജീവനക്കാരുടെ നഷ്ടപരിഹാരം വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയന്‍ മുന്നോട്ടുവച്ചത്. എന്നാല്‍ ഇവ അംഗീകരിക്കപ്പെട്ടില്ലെന്ന് യൂണിയന്‍ വക്താക്കള്‍ വ്യക്തമാക്കി. 

102 മില്യണ്‍ ഡോളര്‍ വിലവരുന്ന വസ്തുവകകളാണ് മ്യൂസിയത്തില്‍ നിന്ന് മോഷ്ടിച്ചുകൊണ്ടുപോയത്. ഗുരുതരമായ സുരക്ഷാവീഴ്ചയാണ് സംഭവത്തിന് കാരണമായതെന്ന് മ്യൂസിയം ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു. മ്യൂസിയത്തില്‍ കയറി മോഷണം നടത്തി രക്ഷപ്പെടാന്‍ കേവലം എട്ട് മിനിറ്റ് മാത്രമാണ് മോഷ്ടാക്കള്‍ക്ക് ആവശ്യമായി വന്നത്. മോഷണം പോയ വസ്തുവകകള്‍ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

Exit mobile version