Site iconSite icon Janayugom Online

ഇസ്രയേലിനെതിരെ രൂക്ഷ വിമർശനം; ദോഹയിൽ അറബ് — ഇസ്ലാമിക് ഉച്ചകോടിക്ക് തുടക്കം

ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ നിലപാട് പ്രഖ്യാപിക്കുന്ന അറബ് — ഇസ്ലാമിക് ഉച്ചകോടിക്ക് തുടക്കമായി. ഇസ്രയേലിനെതിരെ രൂക്ഷ വിമർശനം ഉച്ചകോടിയില്‍ ഉയരുന്നു. ഹമാസ് നേതാക്കളെ വധിക്കാൻ ആയിരുന്നു ലക്ഷ്യമെങ്കിൽ ചർച്ച എന്തിന് എന്ന് ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽതാനി ഉച്ചകോടിയില്‍ ചോദിച്ചു. അറബ് മേഖല ഇസ്രയേലി സ്വാധീനത്തിൽ വരുമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സ്വപ്നം വ്യാമോഹമാണെന്നും ഖത്തർ അമീർ വിമര്‍ശിച്ചു.

ഇസ്രയേലുമായി എന്ത് സമീപനം സ്വീകരിക്കണമെന്നതിൽ ഇന്നത്തെ പ്രഖ്യാപനം നിർണായകമാകും. അറബ് — ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഒറ്റക്കെട്ടായ നിലപാടാണ് പ്രഖ്യാപിക്കാന്‍ പോകുന്നത് എന്നതിനാൽ ലോകക്രമത്തിൽ ഇത് വലിയ സ്വാധീനമാണ് ഉണ്ടാക്കാന്‍ പോകുന്നത്. ഖത്തർ അമീറിന് പുറമേ യുഎഇ വൈസ് പ്രസിഡണ്ട്, തുർക്കി, ഈജിപ്ത് പ്രസിഡണ്ടുമാർ, കുവൈത്ത് കിരീടാവകാശി, ഒമാൻ ഉപ പ്രധാനമന്ത്രി, സിറിയൻ ഇടക്കാല പ്രസിഡന്‍റ് ഉൾപ്പടെയുള്ള നേതാക്കളാണ് ഉച്ചകോടില്‍ പങ്കെടുക്കുന്നത്. അക്രമത്തിനെതിരായ നിലപാട് എന്നതിലുപരി മേഖലയുടെ ആകെ സമാധാനത്തിലേക്കും സ്വതന്ത്ര പലസ്തീനിലേക്കും വാതിൽ തുറക്കുന്നതാകും ഉച്ചകോടിയെന്നാണ് കണക്കാപ്പെടുന്നത്. യെമനിലും സിറിയയിലും ലബനനിലും എല്ലാം ഇസ്രയേൽ തോന്നുംപോലെ ആക്രമിക്കുന്ന സ്ഥിതിയാണ്. സമാധാന നിർദേശങ്ങളെല്ലാം എല്ലാം ഇസ്രയേൽ തകിടം മറിക്കുന്നതിലും കടുത്ത അതൃപ്തിയുണ്ട്.

Exit mobile version