Site iconSite icon Janayugom Online

ബംഗ്ലാദേശിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി, നാശനഷ്ടങ്ങളില്ല

ബംഗ്ലാദേശിലെ ധാക്കയ്ക്ക് സമീപം വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ ശക്തമായ ഭൂചലനത്തിൽ കൊൽക്കത്ത ഉൾപ്പെടെയുള്ള പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. റിച്ചർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബംഗ്ലാദേശിലെ നയാബസാറാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊൽക്കത്തയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ മാത്രം അകലെയാണ് പ്രഭവകേന്ദ്രം.

ഉച്ചയ്ക്ക് 1.22ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂനിരപ്പിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് ഇത് രേഖപ്പെടുത്തിയത്. ഏകദേശം 10 സെക്കൻഡോളം പ്രകമ്പനം നീണ്ടുനിന്നു. ഇതോടെ കൊൽക്കത്തയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും ബഹുനില കെട്ടിടങ്ങളിൽ നിന്നും പുറത്തേക്കോടി. ഓഫീസുകളിലെ ഫാനുകളും ഫർണിച്ചറുകളും കുലുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആളുകൾ തെരുവുകളിലേക്ക് അഭയം പ്രാപിച്ചു.

സംസ്ഥാന സെക്രട്ടേറിയറ്റായ നബന്ന, നിയമസഭാ മന്ദിരം, സാൾട്ട് ലേക്ക് ഐടി ഹബ്ബ് എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന ജീവനക്കാരും പരിഭ്രാന്തരായി പുറത്തിറങ്ങി. തുടർചലനങ്ങൾ ഉണ്ടാകുമെന്ന ഭീതിയിൽ ഏറെ നേരം ആളുകൾ റോഡുകളിൽ തന്നെ തുടർന്നു. എന്നാൽ പ്രാരംഭ ചലനത്തിന് ശേഷം തുടർചലനങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിൽ ജീവഹാനിയോ വലിയ തോതിലുള്ള നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ ഔദ്യോഗിക റിപ്പോർട്ടുകളില്ല.

Exit mobile version