Site iconSite icon Janayugom Online

കെ സുധാകരനെതിരെ നീക്കം ശക്തം; കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി പിടിവലി തുടങ്ങി

കെപിസിസി പുനഃസംഘടനയുടെ പേരില്‍ കെ സുധാകരനെതിരെ നീക്കം ശക്തമായി. അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരന്‍ മാറണമെന്ന ആവശ്യമുയര്‍ത്തി ഒരു വിഭാഗം രംഗത്തെത്തിയതോടെ, സുധാകരനെ അനുകൂലിക്കുന്ന നേതാക്കളും പ്രതിരോധം തുടങ്ങി. അതിനിടെ, സുധാകരനെ മാറ്റുമ്പോള്‍ ഒഴിവുവരുന്ന അധ്യക്ഷസ്ഥാനത്തിനായി മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. യുവാക്കള്‍ക്ക് പ്രാതിനിധ്യം വേണമെന്നും മത‑സാമുദായിക പരിഗണനകള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് മറ്റ് നേതാക്കളും അധ്യക്ഷ സ്ഥാനത്തിനായി പിടിവലി ആരംഭിച്ചു. ഇതോടെ കെ സുധാകരനെ മാറ്റുന്നതില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പവും ശക്തമായി. 

കെ സുധാകരനെ അധ്യക്ഷ പദവിയിൽ നിലനിർത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ പ്രസിഡന്റിനെ മാറ്റാതെ പുനഃസംഘടന പൂർണമാകില്ലെന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങൾ കാരണം പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കെ സുധാകരന് കഴിഞ്ഞില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ തർക്കങ്ങളില്ലാതെ പുനഃസംഘടന പൂര്‍ത്തിയാക്കുകയെന്നത് കീറാമുട്ടിയായ നിലയാണ്. 

എഐസിസി പ്രവര്‍ത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവായ കൊടിക്കുന്നില്‍ സുരേഷ്, യുഡിഎഫ് മുൻ കൺവീനർ ബെന്നി ബെഹനാൻ എംപി, ആന്റോ ആന്റണി എംപി എന്നിവരാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ചര്‍ച്ചകളില്‍ മുന്നിലുള്ളത്. ക്രൈസ്തവ വിഭാഗം ബിജെപിയിലേക്ക് അടുക്കുന്നത് തടയുകയെന്ന ലക്ഷ്യവും ഇതിന്റെ പിന്നിലുണ്ട്. റോജി എം ജോണ്‍, ഡീന്‍ കുര്യാക്കോസ്, മാത്യു കുഴല്‍നാടന്‍ ഉള്‍പ്പെടെയുള്ള യുവ നേതാക്കളും അധ്യക്ഷസ്ഥാനത്തേക്ക് ചരടുവലികള്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുവാക്കള്‍ക്ക് പരിഗണന നല്‍കണമെന്ന് ഹൈക്കമാന്‍ഡ് നിലപാടെടുത്താല്‍ ഇവരില്‍ ഒരാള്‍ക്ക് നറുക്ക് വീഴും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഉള്‍പ്പെടെ അഭിപ്രായങ്ങള്‍ കേട്ടശേഷമാകും ഹൈക്കമാന്‍ഡിന്റെ തീരുമാനം. അതിനിടെ, കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുമെന്ന വാർത്തകൾ തള്ളി കെ സുധാകരൻ രംഗത്തെത്തി. വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നും നേതൃമാറ്റം തീരുമാനിക്കേണ്ട സ്ഥലത്ത് തീരുമാനിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. 

Exit mobile version