Site iconSite icon Janayugom Online

ശരിയായ ഇടതുപക്ഷ നിലപാടിനു വേണ്ടി സർക്കാരിൽ ശക്തമായ സമ്മർദ്ദം വേണം: കാനം

മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കിവന്നിരുന്ന യാത്രാ സൗജന്യങ്ങള്‍ ഉള്‍പ്പെടെ എല്ലാം വെട്ടിച്ചുരുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ജീവിതത്തിന്റെ സുവര്‍ണകാലം മുഴുവന്‍ രാഷ്ട്രത്തിനുവേണ്ടി സേവനം നടത്തിയവരെ ഒരു പ്രായം കഴിഞ്ഞാല്‍ പരിഗണിക്കേണ്ടതില്ല എന്ന ചിന്ത നവലിബറല്‍ നയങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് കൗണ്‍സില്‍ (കെഎസ്എസ്‌പിസി) സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യഥാര്‍ത്ഥ ഇടതുപക്ഷ നിലപാടിലേക്ക് സര്‍ക്കാരിനെ കൊണ്ടുവരാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയാല്‍ മാത്രമെ സാധ്യമാകൂ. കെഎസ്എസ്‌പിസി അതിനുവേണ്ടിയുള്ള സമരത്തിന് വേദിയാകണമെന്നും കാനം പറഞ്ഞു. അയ്യന്‍കാളി ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ സംസ്ഥാന പ്രസിഡന്റ് എന്‍ ശ്രീകുമാര്‍ അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ മാങ്കോട് രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, എകെഎസ്‌ടിയു ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണന്‍, കെജിഒഎഫ് പ്രസിഡന്റ് സജികുമാര്‍, സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് സുധികുമാര്‍, യുഎഫ്‌യുഎസ് ജനറല്‍ സെക്രട്ടറി വി ഒ ജോയി, കെഎല്‍എസ്എസ്എഫ് ജനറല്‍ സെക്രട്ടറി വിനോദ് വി, പിഎസ്‌സി സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ ദീപുകുമാര്‍, പിഎഫ്‌സിടി ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജി ഹരികുമാര്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു.

ജനറല്‍ സെക്രട്ടറി സുകേശന്‍ ചൂലിക്കാട് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ ജി രാധാകൃഷ്ണന്‍ രക്തസാക്ഷി പ്രമേയവും വി ആര്‍ രജിത അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ പി ചന്ദ്രസേനന്‍ നന്ദി രേഖപ്പെടുത്തി. ഭാരവാഹികളായി എന്‍ ശ്രീകുമാര്‍ (പ്രസിഡന്റ്), പി എം ദേവദാസ്, പി ചന്ദ്രസേനന്‍, ആര്‍ ശരത്ചന്ദ്രന്‍ നായര്‍, വിജയമ്മ, എം എം മേരി(വൈസ് പ്രസിഡന്റുമാര്‍), സുകേശന്‍ ചൂലിക്കാട്(ജനറല്‍ സെക്രട്ടറി), ആര്‍ സുഖലാല്‍, എ ജി രാധാകൃഷ്ണന്‍, യൂസഫ് കോറോത്ത്, എം എ ഫ്രാന്‍സിസ്, അഹമ്മദ്കുട്ടി കുന്നത്ത്(സെക്രട്ടറിമാര്‍), എ നിസാറുദ്ദീന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Eng­lish Sum­ma­ry: Strong pres­sure on govt for prop­er left stance: Kanam
You may also like this video

Exit mobile version