ആലപ്പുഴ തീരത്ത് ആറാട്ടുപുഴ മുതല്‍ ചേര്‍ത്തല അർത്തുങ്കൽ വരെയുള്ള മേഖലയില്‍ കടലാക്രമണം ശക്തം. നിരവധി വീടുകള്‍ തകര്‍ന്നു.കൂടുതല്‍ വീടുകളും മത്സ്യബന്ധനോപാധികളും കടലെടുക്കുമോ എന്ന ഭീതിയിലാണ് തീരദേശവാസികള്‍. തീരദേശ റോഡുകളും നിരവധി കെട്ടിടങ്ങളും തകർച്ചാ ഭീഷണിയിലാണ്.
വാസയോഗ്യമായ ഒട്ടേറെ കെട്ടിടങ്ങൾ കടൽക്ഷോഭത്തിൽ നഷ്ടപ്പെട്ട് കഴിഞ്ഞു. തൃക്കുന്നപ്പുഴ, കാക്കാഴം, ഒറ്റമശ്ശേരി, അർത്തുങ്കൽ, ചെത്തി തുടങ്ങിയ ഹാർബർ മേഖലകളിൽ സ്ഥിതി അതീവ ഗുരുതരമാണ്. കടൽഭിത്തിയില്ലാത്ത പ്രദേശങ്ങളിൽ ശക്തമായി തിര അടിച്ചു കയറുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാൻ നാട്ടുകാർ മണൽ ചാക്ക് നിരത്തുന്നുണ്ടെങ്കിലും അതെല്ലാം ഒലിച്ച് പോകുകയാണ്. രണ്ടാഴ്ചയിലേറെയായി തുടരുന്ന കടൽക്ഷോഭം ഇടക്കൊന്ന് ശമിച്ചെങ്കിലും വീണ്ടും പ്രക്ഷുബ്ധാവസ്ഥയിലായി.
ആറാട്ടുപുഴയിൽ കടൽക്ഷോഭം തുടർന്നാൽ ഗതാഗതം പൂർണമായും തടസപ്പെടുമെന്ന സ്ഥിതിവരെയെത്തി നിൽക്കുകയാണ്. വലിയഴീക്കൽ പാലത്തിലേക്ക് കയറുന്ന ഭാഗത്ത് റോഡ് മണ്ണ് വീണ് മൂടിക്കൊണ്ടിരിക്കുകയാണ്. വെള്ളവും കെട്ടിനിൽക്കുന്നുണ്ട്. കാർത്തിക ജങ്ഷന് തെക്ക്, എസി പള്ളി ജങ്ഷൻ മുതൽ വടക്ക്, രാമഞ്ചേരി, തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പ്രണവം നഗർ, ചേലക്കാട്, പാനൂർ തുടങ്ങിയ സ്ഥലങ്ങളിലും കടൽക്ഷോഭം ദുരിതം വിതച്ചു.
വലിയഴീക്കൽ ഭാഗത്ത് വലിയ നാശമാണ് ഉണ്ടായിരിക്കുന്നത്. ഇവിടെ തീരദേശ റോഡ് ഏതുനിമിഷവും കടലെടുത്ത് പോകാവുന്ന അവസ്ഥയിലാണ്. ആറാട്ടുപുഴ ബസ്‌സ്റ്റാൻഡ് ഭാഗത്ത് മുപ്പതോളം കടകൾ തകർച്ചഭീഷണിയിലാണ്. മത്സ്യത്തൊഴിലാളികളും ഭയപ്പാടിലാണ്. വള്ളങ്ങളും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും കടലെടുക്കാതിരിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് അവർ. കടൽ പ്രക്ഷുബ്ധമായതോടെ മത്സ്യബന്ധനത്തിനും വഴി മുട്ടി. ഇതോടെ വറുതിയിലേക്ക് പോകുമോയെന്ന ആശങ്കയും മത്സ്യത്തൊഴിലാളികൾക്ക് ഉണ്ട്.
English Summary:Strong sea attack on Alappuzha coast
You may also like this video