Site iconSite icon Janayugom Online

മലയാള സിനിമയിലെ സമരം ; ആന്റണി പെരുമ്പാവൂരിനെതിരെ വിമർശനവുമായി നിർമാതാവ് സുരേഷ് കുമാര്‍

മലയാള സിനിമയിലെ സമരവുമായി ബന്ധപ്പെട്ട് തർക്കം രൂക്ഷം. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ വിമര്‍ശനവുമായി നിര്‍മാതാവ്
സുരേഷ്‌കുമാര്‍ രംഗത്തെത്തി. ആശിര്‍വാദ് സിനിമാസിന്റെ എംമ്പുരാൻ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് സുരേഷ് കുമാര്‍ നടത്തിയ പരാമര്‍ശത്തിന്റെ
തുടര്‍ച്ച ആയിരുന്നു തര്‍ക്കങ്ങള്‍. സമരം തീരുമാനിച്ചത് ഒറ്റക്കല്ലെന്നും സംഘടനകള്‍ കൂട്ടമായി തീരുമാനിച്ചതാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ആന്റണി യോഗങ്ങളില്‍ വരാറില്ല. ഇതുമായി ബന്ധപ്പെട്ട മിനിട്‌സ് പരിശോധിക്കാമെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ആന്റണി സിനിമ കണ്ടു തുടങ്ങുമ്പോള്‍ സിനിമ നിര്‍മ്മിച്ച ആളാണ് താന്‍. എമ്പുരാന്റെ ബജറ്റിനെ കുറിച്ചു പറഞ്ഞത് ബന്ധപ്പെട്ടവര്‍ അറിയിച്ച കാര്യമാണ്. അത് പിന്‍വലിക്കണമെങ്കില്‍ പിന്‍വലിക്കാം. സമരവുമായി മുന്നോട്ട് തന്നെ പോവുമെന്നും ജി സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

സിനിമാ മേഖല ജൂണ്‍ 1 മുതല്‍ നിശ്ചലമാവുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനമായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. വിവിധ സിനിമാ സംഘടനകള്‍ ചേര്‍ന്നെടുത്ത തീരുമാനമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് കുമാര്‍ വാര്‍ത്ത സമ്മേളനം തുടങ്ങിയത്. എമ്പുരാന്റെ ബജറ്റിനെക്കുറിച്ചും സുരേഷ് കുമാര്‍ വിമര്‍ശനസ്വരത്തോടെ സംസാരിച്ചതിനുള്ള മറുപടിയായിരുന്നു ആന്റണി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ്.‘ആശിര്‍വാദ് സിനിമാസിന്റെ എംമ്പുരാന്‍ എന് സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ലെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു .പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്?. എന്റെ സിനിമകളുടെ ബജറ്റിനെപ്പറ്റിയോ കളക്ഷനെപ്പറ്റിയോ ഒരിക്കലും ഞാന്‍ പരസ്യമായി സംസാരിച്ചിട്ടില്ല; എന്റെ ബിസിനസുകളെക്കുറിച്ചും. ആ നിലയ്ക്ക് എന്താവേശത്തിലും വികാരത്തിലുമാണ് അദ്ദേഹം ഇങ്ങനെ പരസ്യമായി സംസാരിച്ചത് എന്നും, ഇതൊക്കെ അദ്ദേഹം വ്യവസായത്തെ നന്നാക്കാന്‍ പറഞ്ഞതാണോ നെഗറ്റീവാക്കി പറഞ്ഞതാണോ എന്നും സത്യസന്ധമായി പറഞ്ഞാല്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നും ആന്‍റണി കുറിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

Exit mobile version