ദേശവിരുദ്ധ കവിത എഴുതിയെന്നാരോപിച്ച് കോളജ് വിദ്യാര്‍ത്ഥിനിയെ അസം പൊലീസ് അറസ്റ്റു ചെയ്തു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കവിതയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മേയ് 18ന് പൊലീസ് സ്വമേധയാ കേസെടുക്കുകയും ബര്‍ഷശ്രീ ബുറാഗോഹെയ്ന്‍ എന്ന വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
യുഎപിഎ അടക്കമുള്ള കുറ്റങ്ങളാണ് ബര്‍ഷശ്രീക്കെതിരെ ചുമത്തിയിരിക്കുന്നത്. ജോര്‍ഹാട്ടിലെ ഡിസിബി ഗേള്‍സ് കോളജ് രണ്ടാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ത്ഥിനിയാണ് ബര്‍ഷശ്രീ. വിദ്യാര്‍ത്ഥിനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ വിവരം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
‘സ്വാതന്ത്ര്യത്തിന്റെ സൂര്യനരികിലേക്ക് ഒരു ചുവടുകൂടി, ഒരിക്കല്‍ കൂടി ഞാന്‍ കുറ്റം ചെയ്യും’ എന്ന അര്‍ത്ഥം വരുന്ന അസമീസ് വരികളാണ് ബര്‍ഷശ്രീ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. എന്നാലിത് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസോമിനെ പിന്തുണയ്ക്കുന്നതാണെന്ന് എഫ്ഐആറില്‍ അസം പൊലീസ് പറയുന്നു. കവിത എഴുതിയതിനല്ല നിരോധിത സംഘടനയായ ഉൾഫ (ഐ) ല്‍ ചേരുവാന്‍ ശ്രമിച്ചതിനാണ് വിദ്യാര്‍ത്ഥിയെ അറസ്റ്റു ചെയ്തതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. സംഘടനയില്‍ ചേര്‍ന്നിരുന്നെങ്കില്‍ അവള്‍ മനുഷ്യബോംബായി തിരിച്ചുവന്ന് ഞങ്ങളെ കൊല്ലുമായിരുന്നുവെന്നും ഹിമന്ത പ്രതികരിച്ചു.
English Summary:Student arrested in Assam for writing poetry
You may also like this video