Site iconSite icon Janayugom Online

ക്യാമ്പസിലെ പുരുഷന്മാരുടെ ശുചിമുറിയിൽ വച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

സൗത്ത് ബംഗളൂരുവിലെ ഒരു സ്വകാര്യ എഞ്ചിനീയറിങ് കോളജ് കാമ്പസിലെ പുരുഷന്മാരുടെ ശുചിമുറിയിൽ വെച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ, 21കാരനായ സഹപാഠി അറസ്റ്റിൽ. ആറാം സെമസ്റ്റർ വിദ്യാർത്ഥിയായ ജീവൻ ഗൗഡയെയാണ് ഹനുമന്തനഗർ പൊലീസ് പിടികൂടിയത്. ഒക്ടോബർ 10നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അതേ കോളജിലെ ഏഴാം സെമസ്റ്റർ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. അഞ്ച് ദിവസത്തിനുശേഷം ഒക്ടോബർ 15നാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 64 പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പൊലീസ് എഫ് ഐ ആർ പ്രകാരം, പീഡനത്തിനിരയായ വിദ്യാർത്ഥിനിയും പ്രതിയായ ഗൗഡയും തമ്മിൽ പരിചയമുണ്ടായിരുന്നു. സംഭവ ദിവസം ഉച്ചഭക്ഷണ ഇടവേളയിൽ, ഏഴാം നിലയിലെ ആർക്കിടെക്ചർ ബ്ലോക്കിന് സമീപം തന്നെ കാണണമെന്ന് ഗൗഡ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. കണ്ട ഉടൻ ഇയാൾ ബലമായി ചുംബിക്കാൻ ശ്രമിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെ ഇയാൾ ലിഫ്റ്റിൽ പിന്തുടരുകയും, തുടർന്ന് ബലമായി പുരുഷന്മാരുടെ ശുചിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു. ആക്രമണ സമയത്ത് ഗൗഡ ശുചിമുറിയുടെ വാതിൽ പൂട്ടിയിട്ടു. ഫോൺ അടിച്ചപ്പോൾ അതും പിടിച്ചുവാങ്ങിയതായും റിപ്പോർട്ടുണ്ട്.

സംഭവത്തിന് ശേഷം അതിജീവിത തൻ്റെ രണ്ട് സുഹൃത്തുക്കളോട് കാര്യങ്ങൾ തുറന്നുപറഞ്ഞിരുന്നു. പിന്നീട് ഗൗഡ തന്നെ വിളിച്ച് “ഗുളിക വേണോ” എന്ന് ചോദിച്ചതായും യുവതി വെളിപ്പെടുത്തിയതായി എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യം പരാതി നൽകാൻ മടിച്ച വിദ്യാർത്ഥിനി, പിന്നീട് മാതാപിതാക്കളെ വിവരം അറിയിക്കുകയും അവർ ഹനുമന്തനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. സംഭവം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ലെന്നും ഇത് തെളിവുകൾ ശേഖരിക്കുന്നതിൽ വെല്ലുവിളിയാണെന്നും പൊലീസ് അറിയിച്ചു.

Exit mobile version