Site iconSite icon Janayugom Online

ബംഗ്ലാദേശിൽ വീണ്ടും വിദ്യാര്‍ത്ഥി പ്രക്ഷോഭം

ബംഗ്ലാദേശിൽ വീണ്ടും വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായി. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ടാണ് സമരം. പ്രസിഡന്റിന്റെ കൊട്ടാരമായ ബംഗ ഭവന്‍ പ്രതിഷേധക്കാര്‍ വളഞ്ഞു. സൈന്യം ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞതിനാൽ പ്രക്ഷോഭകാരികൾക്ക് ഉള്ളിൽ കടക്കാൻ കഴിഞ്ഞില്ല. ഇതോടെ പ്രതിഷേധക്കാര്‍ കെട്ടിടം വളഞ്ഞ് ഉപരോധം ഏര്‍പ്പെടുത്തി. രാജ്യത്തിന്റെ പലഭാഗത്തും സമരക്കാര്‍ തെരുവുകള്‍ കയ്യടക്കി. 

പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ, ഷെയ്ഖ് ഹസീനയുടെ സ്വേച്ഛാധിപത്യ സർക്കാരിന്റെ കൂട്ടുകാരനാണെന്നും ആ നയങ്ങൾ പിന്തുടരുന്ന ആളാണെന്നും അവർ ആരോപിക്കുന്നു. ബംഗ്ലാദേശിന്റെ പതിനാറാമത് പ്രസിഡന്റാണ് മുഹമ്മദ് ഷഹാബുദ്ദീൻ. രാജ്യത്തെ അറിയപ്പെടുന്ന നിയമജ്ഞനും ഉദ്യോഗസ്ഥനുമായിരുന്ന അദ്ദേഹത്തെ 2023ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അവാമി ലീഗിന്റെ പ്രതിനിധിയായാണ് നാമനിര്‍ദേശം ചെയ്തത്. എതിരില്ലാതെയാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

പ്രസിഡന്റിന്റെ രാജിയാണ് പ്രക്ഷോഭകരുടെ അഞ്ചിന ആവശ്യങ്ങളിൽ ഏറ്റവും പ്രധാനം.1972 ൽ എഴുതിയുണ്ടാക്കിയ നിലവിലെ ഭരണഘടന റദ്ദാക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം. 2024ന്റെ പശ്ചാത്തലത്തിൽ പുതിയ ഭരണഘടന എഴുതിയുണ്ടാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.അവാമി ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ ബംഗ്ലാദേശ് ഛത്ര ലീഗിനെ നിരാേധിക്കണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. ഷെയ്ഖ് ഹസീനയുടെ കീഴിൽ 2018ലും 2024ലും നടന്ന തെരഞ്ഞെടുപ്പ്കൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഈ തെരഞ്ഞെടുപ്പ്കളിൽ വിജയിച്ച എംപിമാരെ അയോഗ്യരാക്കണമെന്നതും പ്രക്ഷോഭകരുടെ മറ്റൊരു പ്രധാന ആവശ്യമാണ്. ലക്ഷ്യം കാണാതെ പിന്മാറില്ലെന്നും സമരക്കാര്‍ പറയുന്നു. 

ജൂലൈയില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജിവെച്ച്, രാജ്യത്ത് നിന്നും പലായനം ചെയ്യേണ്ടി വന്നിരുന്നു. ഇതേത്തുടര്‍ന്ന് ഓഗസ്റ്റ് 8 ന്, നോബല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. 

Exit mobile version