Site iconSite icon Janayugom Online

വിദ്യാർത്ഥി ആത്മഹത്യ: സുപ്രീം കോടതി ഇടപെടലും ഫലപ്രദമായില്ല, സർവേയോട് മുഖം തിരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ

രാജ്യത്ത് വിദ്യാർത്ഥി ആത്മഹത്യകൾ ക്രമാതീതമായി വർധിക്കുമ്പോഴും, ഇതിനെക്കുറിച്ച് പഠനം നടത്താൻ സുപ്രീം കോടതി നിയോഗിച്ച ദേശീയ ടാസ്‌ക് ഫോഴ്‌സിന്റെ സർവേയോട് മുഖം തിരിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ. വിദ്യാർത്ഥികളുടെ മാനസികാരോഗ്യം വിലയിരുത്തുന്നതിനായി തയ്യാറാക്കിയ ഓൺലൈൻ സർവേയിൽ നാളിതുവരെ 10 % സ്ഥാപനങ്ങൾ മാത്രമാണ് പങ്കെടുത്തത്.
ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെയും മറ്റ് ഏജൻസികളുടെയും കണക്കുകൾ പ്രകാരം വിദ്യാർത്ഥി ആത്മഹത്യകളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്: 2023 ല്‍ 13,892 ആത്മഹത്യകളാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തേക്കാൾ 6.5% വർധന. 2020ല്‍ 12,526, 2021 ല്‍ 13,089, 2022 ല്‍ 13,044 എന്നിങ്ങനെയും ആത്മഹത്യകളുടെ കണക്കുകള്‍ രേഖപ്പെടുത്തി.

വർധിച്ചുവരുന്ന ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ, 2025 മാർച്ചിലാണ് സുപ്രീം കോടതി നിർദേശപ്രകാരം ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. 2025 ഒക്ടോബർ 31-നകം രാജ്യത്തെ 60,000‑ത്തിലധികം കോളജുകളിലും സർവകലാശാലകളിലുമായി 4.3 കോടി വിദ്യാർത്ഥികളിൽ സർവേ എത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, നിലവിലെ കണക്കുകൾ പ്രകാരം 6,357 സ്ഥാപനങ്ങൾ മാത്രമാണ് സർവേയോട് പ്രതികരിച്ചത്. വെറും ഏഴ് ലക്ഷത്തിൽ താഴെ വിദ്യാർത്ഥികൾ മാത്രമാണ് ചോദ്യാവലി പൂരിപ്പിച്ചത്. പങ്കാളിത്തം തീരെ കുറവായതിനാൽ സർവേ പൂർത്തിയാക്കാനുള്ള സമയപരിധി ഡിസംബർ 15 വരെ നീട്ടിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ വിദ്യാർത്ഥി ആത്മഹത്യകൾ നടക്കുന്നു എന്ന് കരുതപ്പെടുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതികരണം വളരെ മോശമാണ്. മഹാരാഷ്ട്ര, രാജസ്ഥാൻ (കോട്ട പോലുള്ള പരിശീലന കേന്ദ്രങ്ങൾ ഉൾപ്പെടെ), ഉത്തർപ്രദേശ്, തെലങ്കാന, ബിഹാർ, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സർവേയിൽ പങ്കെടുക്കാൻ വിമുഖത കാണിക്കുന്നത്.
കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിൽ 2026‑ൽ സുപ്രീം കോടതിയിൽ സമർപ്പിക്കേണ്ട അന്തിമ റിപ്പോർട്ട് അപൂർണ്ണമാകുമെന്ന് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ഇത് ആത്മഹത്യ തടയുന്നതിനുള്ള നയരൂപീകരണത്തെ ദോഷകരമായി ബാധിക്കും. പഠനഭാരം, പരീക്ഷാ പേടി, കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദം എന്നിവയാണ് വിദ്യാര്‍ത്ഥികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പ്രധാന കാരണങ്ങള്‍. പ്രശ്നങ്ങൾ മറച്ചുവെക്കാതെ റിപ്പോർട്ട് ചെയ്താൽ മാത്രമേ പരിഹാരം കാണാൻ സാധിക്കൂ എന്ന് മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Exit mobile version