Site iconSite icon Janayugom Online

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് മങ്കര സ്വദേശിനി മരിച്ചു. കോളജ് വിദ്യാര്‍ത്ഥിനിയായ ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയല്‍വീട്ടിലെ വളര്‍ത്തു നായ കടിച്ചത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ലക്ഷണം കാണിച്ചു തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് റാബീസ് വാക്സിന്‍ എടുത്തിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പേവിഷ ബാധയ്ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശിച്ച നാല് വാക്‌സീനുകളും ശ്രീലക്ഷ്മി സ്വീകരിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പേവിഷബാധയുടെ യാതൊരു ലക്ഷണങ്ങളും ഇതുവരെ ശ്രീലക്ഷ്മിക്ക് ഉണ്ടായിരുന്നില്ല. രണ്ട് ദിവസം മുന്‍പാണ് ചില ലക്ഷണങ്ങള്‍ ശ്രീലക്ഷ്മി കാണിച്ചത്. ഇതേ തുടര്‍ന്ന് ശ്രീലക്ഷ്മിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയും പരിശോധനകളില്‍ പേവിഷബാധയേറ്റതായി സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ശ്രീലക്ഷ്മി മരണപ്പെടുകയായിരുന്നു.

ശ്രീലക്ഷ്മിയെ നായ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉടമ തടയാന്‍ ശ്രമിക്കുകയും ഇദ്ദേഹത്തിന് കടിയേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് ഇതുവരെ യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. അപൂര്‍വ്വമായി ചില ആളുകളില്‍ വാക്‌സീന്‍ സ്വീകരിച്ചാലും പേവിഷ ബാധയുണ്ടാവാം എന്നാണ് ചില ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ഇക്കാര്യത്തില്‍ വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും ആരോഗ്യവകുപ്പ് തുടക്കമിട്ടിട്ടുണ്ട്.

Eng­lish sum­ma­ry; stu­dent who was under­go­ing treat­ment for Rabies has died

You may also like this video;

Exit mobile version