പെന്‍സിലിനെ ചൊല്ലി തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠി കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ പാളയംകോട്ടൈയിലുള്ള ഒരു മെട്രിക്കുലേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. എട്ടാം ക്ലാസുകാരനെ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച ശേഷം സഹപാഠി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
തലയ്ക്കും തോളിനും കൈകള്‍ക്കും വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് മാസം മുമ്പ് ഒരു പെന്‍സിലിനെചൊല്ലി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടന്ന തര്‍ക്കമാണ് കത്തികുത്തിലേക്ക് കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുത്തുകൊണ്ട വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിച്ച ഇവരുടെ ക്ലാസ് അധ്യാപിക രേവതിക്കും(44) പരിക്കുപറ്റി. പരിക്കേറ്റ വിദ്യാര്‍ത്ഥിയെയും അധ്യാപികയെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

